കൊല്ലം: കൊല്ലം അഞ്ചലില്‍ കിടപ്പുമുറിയില്‍ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ച സംഭവത്തിൽ ഭാര്യ ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് ഭർത്താവ് സൂരജ് പൊലീസിനോട് കുറ്റം സമ്മതിച്ചതായി സൂചന. പാമ്പുപിടുത്തക്കാരനായ കല്ലുവാതുക്കല്‍ സ്വദേശിയായ സുഹൃത്ത് സുരേഷില്‍ നിന്നും പതിനായിരം രൂപ നല്‍കി പാമ്പിനെ വാങ്ങുകയായിരുന്നു എന്ന് സൂരജ് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു.
രാത്രിയിൽ ഉറക്കഗുളിക നൽകിയ ശേഷമാണോ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതെന്ന് സംശയമുണ്ട്.
ഉറക്കത്തിൽ വിഷപ്പാമ്പിന്റെ കടിയേറ്റാൽ ഉണരുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഉത്ര ഉണർന്നില്ല. അതിന്റെ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണു പൊലീസ്.
സൂരജിനെയും സഹായിയായ പാമ്പുപിടുത്തക്കാരനായ സുഹൃത്തിനെയും മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. എസി മുറിയില്‍ കിടന്നുറങ്ങവെയാണ് ഉത്രയെ മൂര്‍ഖന്‍ പാമ്പ് കടിക്കുന്നത്. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമായിരുന്നു ഉത്ര കിടന്നിരുന്നത്. രാത്രി ജനല്‍മുറി തുറന്നപ്പോഴാകാം പാമ്പ് അകത്തു കടന്നതെന്നായിരുന്നു സൂരജ് വീട്ടുകാരോട് പറഞ്ഞത്.
പാമ്പ് കടിയേറ്റ ദിവസം ഉത്രയുടെ 92 പവന്‍ സ്വര്‍ണ്ണം ലോക്കറില്‍ നിന്നും എടുത്തിരുന്നതായി പൊലീസ് കണ്ടെത്തി. സാമ്പത്തികം ലക്ഷ്യമിട്ടാണ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് സൂരജ് പൊലീസിനോട് സമ്മതിച്ചത്. സംഭവത്തില്‍ സൂരജും സഹായിയായ പാമ്പു പിടുത്തക്കാരനും ബന്ധുവും പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഇന്നുരേഖപ്പെടുത്തിയേക്കും. കൊലപാതകത്തില്‍ കൂടുതല്‍ പേരുടെ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഉത്രയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. രണ്ടാം തവണയാണ് ഉത്രയ്ക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നത്. മാര്‍ച്ച് മാസത്തില്‍ സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍വച്ചാണ് ഉത്രയ്ക്ക് അണലിയുടെ കടിയേല്‍ക്കുന്നത്. ഇതിന്റെ തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമാണ് ഉത്ര സ്വന്തം വീട്ടില്‍ എത്തിയത്.
വീട്ടിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു രണ്ടാമതും പാമ്പുകടിയേറ്റത്. ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി തല്ലിക്കൊന്നത്.