തിരുവനന്തപുരം: സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ശനിയാഴ്ച വെഞ്ഞാറമൂട് പോലീസ് അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്കാണു രോഗം സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ചയാള്‍ക്ക് 40 വയസ് പ്രായമുണ്ട്. ഇയാളെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.
പ്രതികളെ റിമാന്‍ഡ് ചെയ്യുന്നതിനു മുൻപ് കൊറോണ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ചു നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണു ജയില്‍ തടവുകാരനു രോഗം സ്ഥിരീകരിക്കുന്നത്. മൂന്നു പ്രതികളെയാണ് ഇത്തരത്തില്‍ പരിശോധിച്ചത്. മൂന്നു പേരെയും പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് ഔദ്യാഗികവൃത്തങ്ങള്‍ അറിയിച്ചു.
ഇയാള്‍ക്ക് എങ്ങനെ രോഗം ബാധിച്ചെന്ന് വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും മദ്യം സൂക്ഷിച്ചതിനും അക്രമം നടത്തിയതിനുമാണ് വെഞ്ഞാറമൂട് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. മേയ് 22ന് റിമാന്‍ഡിലായ ഇയാളും രണ്ട് സുഹൃത്തുക്കളും തിരുവനന്തപുരം സെപ്ഷ്യല്‍ ജയിലിലെ നിരീക്ഷണകേന്ദ്രത്തിലായിരുന്നു.
പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഇയാളെ അറസ്റ്റ് ചെയ്ത് സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ 20 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. പൂജപ്പുരയിലെ സ്പെഷ്യല്‍ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞിട്ടുണ്ട്.