വംശീയ വീഡിയോ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം; പരസ്യം പിൻവലിച്ച് വോക്സ് വാഗണ്‍ മാപ്പ് പറഞ്ഞു

ന്യൂജേഴ്സി: സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം കനത്തതോടെ ഇന്‍സ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വംശീയ വീഡിയോ പരസ്യം പിന്‍വലിച്ച് വോക്സ് വാഗണ്‍ മാപ്പ് പറഞ്ഞു. വോക്സ് വാഗണെതിരെയും കാര്‍ നിര്‍മാതാക്കളുടെ ജര്‍മന്‍ നാസി ബന്ധത്തെയും വിമര്‍ശിച്ച് നിരവധി പേര്‍ ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും രംഗത്തുവന്നു. വിമര്‍ശനങ്ങള്‍ കടുത്തതോടെയാണ് കമ്പനി അധികൃതര്‍ പരസ്യം പിന്‍വലിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തത്.

റോഡരികിലെ റസ്റ്റോറന്‍റിന് മുന്നില്‍ വോക്സ് വാഗണ്‍ പാര്‍ക്ക് ചെയ്യാന്‍ വരുമ്പോള്‍ ഒരു വെളുത്ത കൈ സ്ക്രീനിലേക്ക് വരികയും അവിടെ നില്‍ക്കുന്ന കറുത്ത നിറമുള്ള മനുഷ്യനെ തട്ടി റസ്റ്റോറന്‍റിന് അകത്തേക്ക് തെറുപ്പിക്കുന്നതുമായിരുന്നു പരസ്യ വീഡിയോ.

ജര്‍മനിയില്‍ നിന്നുള്ള ഒരു പ്രമുഖ ടി.വി ചാനല്‍ പരസ്യത്തിനെതിരെ രംഗത്തുവരികയും വീഡിയോയിലെ വെളുത്ത കൈ കറുത്തവര്‍ക്ക് നേരെയുള്ള അധീശത്വമാണെന്നും റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയുടെ അവസാനം സ്ക്രീനില്‍ കാണിക്കുന്ന എഴുത്ത് ജര്‍മന്‍ ഭാഷയിലുള്ള വംശീയ ഭാഷയാണെന്നതും വിമര്‍ശനം കടുപ്പിച്ചു. ജര്‍മന്‍ ടി.വി റിപ്പോര്‍ട്ടിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പരസ്യത്തിനെതിരെ പരക്കെ വിമര്‍ശനവും ഉയരുകയുണ്ടായി. 2015ല്‍ മലിനീകരണ തട്ടിപ്പുമായി ബന്ധപ്പെട്ട് വോക്സ് വാഗണ്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.