പകരക്കാരനില്ലാത്ത അമരക്കാരൻ; പനമ്പിള്ളിയുടെ വേർപാടിന് അരനൂറ്റാണ്ട്

തോമസ് ഉണ്ണിയാടൻ
(മുൻ സർക്കാർ ചീഫ് വിപ്പ്)

പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗല്ഭനും രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോൻ. പ്രതിഭാധനനായ പനമ്പിള്ളി ഓർമ്മയായിട്ട് ഇന്ന് അരനൂറ്റാണ്ട് . പനമ്പിള്ളിയുടെ പ്രസംഗത്തെ കുറിച്ച്, തന്ത്രപരമായ നിലപാടുകളെക്കുറിച്ച്, എത്രയെത്ര സംഭവങ്ങളാണ് മുതിർന്ന കോൺഗ്രസുകാരിൽ നിന്നും എനിക്ക് കേൾക്കാൻ കഴിഞ്ഞിട്ടുള്ളത്.

അഭിഭാഷകനായി പേരെടുത്ത അദ്ദേഹം ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും 1949 ൽ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. പിന്നീട് 1955 ൽ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ മുഖ്യമന്ത്രിയായും അദ്ദേഹം തിളങ്ങി.

അഭിഭാഷകനായിരുന്ന അദ്ദേഹം താൻ വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭിച്ചിരുന്നു 1957 ലും 1962 ലും 1967 ലും അദ്ദേഹം മുകുന്ദപുരത്തുനിന്നുള്ള പാര്ലമെന്റംഗമായിരുന്നു. 1967 ൽ അദ്ദേഹം മാത്രമാണ് കോൺഗ്രസ്സുകാരനായി കേരളത്തിൽ നിന്നും പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കഴിവുകൾക്ക് ലഭിച്ച അംഗീകാരമാണിത്.

ഇരിങ്ങാലക്കുടയും അന്ന് അദ്ദേഹം വിജയിച്ച മുകുന്ദപുരം മണ്ഡലത്തിലായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന നിയമനിർമാണങ്ങൾ ഇന്ദിരാഗാന്ധിയുടെ കാലത്തു അവതരിപ്പിക്കാൻ നിയമജ്ഞനായ അദ്ദേഹത്തിന് അവസരം ലഭിച്ചതിലൂടെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി പനമ്പിള്ളിയാണ്‌. മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ മുൻ‌കൈ എടുത്ത അദ്ദേഹം ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും കൂടിയാണ്‌.

1970 മെയ് 23 നു അറുപത്തിനാലാം വയസ്സിൽ അദ്ദേഹം അകാലത്തിൽ വേർപ്പെട്ടു പോയില്ലായിരുന്നുവെങ്കിൽ കേരളത്തിന് കേന്ദ്ര സർക്കാരിൽ വൻപ്രാധാന്യം ലഭിക്കുമായിരുന്നു.
കേരളം കണ്ട അതിപ്രഗത്ഭനായ നേതാവ് പനമ്പിള്ളി ഗോവിന്ദമേനോന്റെ ജന്മനാടിനടുത്ത് ഇരിങ്ങാലക്കുടയിൽ വന്ന് എംഎൽഎയും ചീഫ് വിപ്പും ഒക്കെയാകാൻ അവസരം ലഭിച്ചതിലും ഒരു ഇരിങ്ങാലക്കുടക്കാരനാകാൻ കഴിഞ്ഞതിലും ഞാൻ അഭിമാനം കൊള്ളുന്നു. കേരളത്തിൻ്റെ അഭിമാനമായ പനമ്പള്ളിയുടെ ധന്യമായ ജീവിതം ഏതൊരു പൊതു പ്രവർത്തകനും മാത്യകയാണ്. ധീരനായ , വീരനായ മഹാ വ്യക്തിത്വത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒത്തിരി ആദരവോടെ, സ്മരണാഞ്ജലി.