Home Local News സൂരജ് യൂട്യൂബിൽ തിരഞ്ഞത് വിഷപാമ്പുകൾ; നിർണ്ണായക വിവരങ്ങൾ ലഭിച്ചു; അന്വേഷണ സംഘം

സൂരജ് യൂട്യൂബിൽ തിരഞ്ഞത് വിഷപാമ്പുകൾ; നിർണ്ണായക വിവരങ്ങൾ ലഭിച്ചു; അന്വേഷണ സംഘം

0

അഞ്ചൽ : കൊല്ലം അഞ്ചലില്‍ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി കിടപ്പുമുറിയില്‍ വീണ്ടും പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. മകളെ അപായപ്പെടുത്തിയത് സൂരജാണെന്ന് ആരോപിച്ച് രക്ഷിതാക്കൾ അ‍ഞ്ചൽ സിഐക്കു നൽകിയ പരാതിയാണ് കേസിന് വഴിത്തിരാവായത്. ഉത്രയുടെ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

വിഷപ്പാമ്പുകളെക്കുറിച്ച് സൂരജ് യുട്യൂബിൽ തെരഞ്ഞതായും ഇയാൾക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടോ എന്നതു കണ്ടെത്താൻ സൂരജിന്റെ ഫോൺ കോളുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഇതിനിടെ ഒന്നര വയസ്സുള്ള മകനെ ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി എത്തി സൂരജ് കഴിഞ്ഞ ദിവസം ഉത്രയുടെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോയി. ഉത്രയുടെ വീട്ടുകാരാണ് അപായപ്പെടുത്തിയതെന്ന് ആരോപിച്ച് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഉത്രയുടെ രക്ഷിതാക്കൾ റൂറൽ എസ്പി ഹരി ശങ്കറിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകൻ ഇന്നലെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.

കഴിഞ്ഞ 7ന് രാവിലെയാണ് ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്ര മരിച്ച ദിവസം കിടപ്പു മുറിയുടെ ജനാല തുറന്നിട്ടിരുന്നതായാണ് സൂരജ് പൊലീസിനോട് പറഞ്ഞിരുന്നത്. ജനാലയിലൂടെ കയറിയ വിഷപ്പാമ്പ് കടിച്ചാണു മരണമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ശീതീകരിച്ച മുറിയിലെ കട്ടിലിൽ കിടന്ന ഉത്രയെ പാമ്പ് കടിച്ചെന്നതു വിശ്വസനീയമല്ലെന്നു പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here