ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍; സൈബര്‍ സുരക്ഷാ സ്ഥാപനത്തിൻ്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഡാര്‍ക്ക് വെബില്‍ 2.9 കോടി ഇന്ത്യക്കാരുടെ ഇമെയില്‍, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ അനുഭവ പരിചയം, മേല്‍വിലാസം ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ സൗജന്യമായി നല്‍കുന്നതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിള്‍. ആള്‍മാറാട്ടത്തിനും സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പടെയുള്ള പലവിധ തട്ടിപ്പുകള്‍ക്കും കോര്‍പ്പറേറ്റ് ചാരവൃത്തിക്കും വേണ്ടി ഈ വ്യക്തി വിവരങ്ങള്‍ ഉപയോഗിക്കപ്പെടാനിടയുണ്ട്. ഈ വിവരങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സൈബിള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുന്നുണ്ട്.

ഉദ്യോഗാര്‍ഥികളുടെ വ്യക്തിവിവരങ്ങളാണ് ഡീപ്പ് വെബില്‍ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത് എന്ന് സൈബിള്‍ പറയുന്നു. ഉദ്യോഗാര്‍ഥികളുടെ ബയോഡേറ്റകള്‍ ശേഖരിക്കുന്ന ഏതെങ്കിലും ഏജന്‍സികളില്‍നിന്നായിരിക്കാം ഈ വിവരങ്ങള്‍ ചോര്‍ന്നത്. ഇന്ത്യയിലെ പല മുന്‍നിര തൊഴില്‍ വെബ്‌സൈറ്റുകളുടെ പേരുകളിലുള്ള ഫോള്‍ഡറുകള്‍ ഇക്കൂട്ടത്തിലുണ്ട്.

2.3 ജിബി വലിപ്പമുള്ള ഫയലലിലാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. ഫയലിന്റെ സ്‌ക്രീന്‍ ഷോട്ടും ബ്ലോഗില്‍ സൈബിള്‍ പങ്കുവെച്ചിട്ടുണ്ട്.