ഇന്ത്യ വൻ വിപത്തിലേക്കെന്ന് സൂചന; അഞ്ച് ദിവസത്തിനിടെ 35,000 പേര്‍ക്ക് കൊറോണ

ന്യൂഡല്‍ഹി: ലോക്ക്ഡൗണിൽ ഇളവു വരും മുമ്പേ രാജ്യം വൻ വിപത്തിലേക്കെന്ന് സൂചന. രാജ്യത്ത് ഓരോ ദിവസം കഴിയുന്തോറും കൊറോണ കേസുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ ഒരാഴ്ചയില്‍ അഞ്ചുദിവസത്തെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ഏകദേശം 35000 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6654 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഒറ്റ ദിവസം ഇത്രയുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.

കഴിഞ്ഞ ദിവസങ്ങളിലും കേസുകളുടെ എണ്ണത്തില്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തി റെക്കോര്‍ഡുകള്‍ തിരുത്തി വരികയായിരുന്നു. മെയ് 17ന് 4987 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതുവരെയുളള കണക്ക് അനുസരിച്ച് ഒറ്റദിവസം ഇത്രയുമധികം കേസുകള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത് ആദ്യമായാണ്. തുടര്‍ന്നുളള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ തിരുത്തി കേസുകളുടെ എണ്ണം ഉയരുന്നതാണ് കണ്ടത്.

മെയ് 18 ന് കൊറോണ ബാധിതരുടെ എണ്ണം 5245 ആയി ഉയര്‍ന്നു. മെയ് 20 ന് ഇത് 5611 ആയി. മെയ് 22ന് ആറായിരത്തിന് മുകളില്‍ എത്തി. ഇന്ന് ഇത് 6654 ആയി ഉയര്‍ന്ന് ആശങ്ക ഇരട്ടിയാക്കി.

കഴിഞ്ഞ ഒരാഴ്ചയില്‍ മെയ് 19നും മെയ് 21 നും മാത്രമാണ് മുന്‍പത്തെ ദിവസത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം കുറഞ്ഞത്. മഹാരാഷ്ട്രയില്‍ രോഗവ്യാപനം വര്‍ധിക്കുന്നതാണ് രാജ്യത്ത് കൊറോണ കേസുകള്‍ ഉയരാന്‍ മുഖ്യകാരണം. 24 മണിക്കൂറിനിടെ 2940 പേര്‍ക്കാണ് മഹാരാഷ്ടയില്‍ കൊറോണ സ്ഥിരീകരിച്ചത്.