സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈന്യത്തെ അധിക്ഷേപിച്ച സംഭവം; നോവലിസ്റ്റ് ഹരീഷിനെതിരെ നടപടിക്ക് നിര്‍ദ്ദേശം

കോട്ടയം: സൈന്യത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഡി ജി പി യ്ക്ക് നിര്‍ദ്ദേശം നല്‍കി. സാമൂഹ്യ മാധ്യമങ്ങളില്‍ സൈന്യത്തെ അധിക്ഷേപിച്ച നോവലിസ്റ്റ് എസ് ഹരീഷിനെതിരെ പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര പ്രതിരോധമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ഭരണഘടനാപരമായി രൂപീകൃതമായ സൈന്യത്തെ അധിക്ഷേപിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ എസ് ഹരീഷ് നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് രാജ്യത്തെ സൈനികരെക്കുറിച്ചു പൊതുജനമധ്യത്തില്‍ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

എസ് ഹരീഷിനെ പിന്തുണച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടി അനിവാര്യമാണ്. വിമുക്തഭടന്മാരെയും അവഹേളിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ അവഹേളിക്കുന്നതിനു തുല്യമാണ്. ജനത്തെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണ വിധേയമാക്കണമെന്നും പരാതിയിൽ പറയുന്നു.