കറാച്ചി: പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ യാത്രാവിമാനം കറാച്ചി വിമാനത്താവളത്തിന് സമീപം തകർന്നു വീണു. ലാഹോറിൽ നിന്ന് 107 പേരുമായി പുറപ്പെട്ട വിമാനമാണ് തകർന്നു വീണത്. അതേസമയം അപകടത്തിൽ പെട്ടവരുടെ സ്ഥിഗതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വിമാനത്തിൽ 99 യാത്രക്കാരും 8 ക്രൂ അംഗങ്ങളുമുണ്ടായിരുന്നുവെന്നാണ് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ വക്താവ് അബ്ദുൾ സത്താർ കോഖറിനെ അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
ലാഹോറിൽനിന്ന് കറാച്ചിയിലേക്ക് പോയ വിമാനം എയർബസ് എ 320 ആണ് തകർന്നതെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കറാച്ചി വിമാനത്താവളത്തിന് തൊട്ടുതാഴെയുള്ള മാലിറിലെ മോഡൽ കോളനിക്കടുത്തുള്ള ജനസാന്ദ്രതയുള്ള ജിന്ന ഗാർഡൻ പ്രാദേശതാണ് വിമാനം തകർന്നത്.
പ്രദേശത്തെ നിരവധി വീടുകൾക്കും വിമാന അവശിഷ്ടങ്ങൾക്കും തീപിടിച്ചിരിക്കുകയാണെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ പുറത്തു വിട്ട ദൃശ്യങ്ങൾ വ്യക്തമാകുന്നത്. ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനും സഹായിക്കുന്ന പാക്ക് ആർമി ക്വിക്ക് റിയാക്ഷൻ ഫോഴ്സും പാകിസ്ഥാൻ റേഞ്ചേഴ്സും ക്രാഷ് സൈറ്റിലുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2016 ൽ ഇസ്ലാമാബാദിലേക്ക് പറക്കുന്നതിനിടെ രണ്ട് ടർബോപ്രോപ്പ് എഞ്ചിനുകളിൽ ഒന്ന് പരാജയപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം പൊട്ടിത്തെറിച്ച് 40 ലധികം പേർ മരിച്ചിരുന്നു.