ഭുവനേശ്വർ: ഉംഫുൻ ചുഴലിക്കാറ്റിനിടയിൽ അഗ്നിരക്ഷാ സേന വാഹനത്തിൽവെച്ച് യുവതി കുഞ്ഞിന് ജന്മം നൽകി.
ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ് സംഭവം ഉണ്ടായത്. ജനകി സേഥി (20) എന്ന യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.
അമ്മയും നവജാതശിശുവും ആരോഗ്യതോടെ ഇരിക്കുന്നുവെന്നും ജില്ലയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ഇവരെ മാറ്റിയതായും ഡെപ്യൂട്ടി ഫയർ ഓഫീസർ പി കെ ഡാഷ് പറഞ്ഞു.
ചുഴലിക്കാറ്റിനെ തുടർന്ന് ഗർഭിണിയായ ജനകി ജൻഹാര ഗ്രാമത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും രാവിലെ എട്ടുമണിയോടെ ദുരിതബാധിതരായ കുടുംബത്തിൽ നിന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
റോഡിൽ നിന്ന് 22 മരങ്ങൾ നീക്കം ചെയ്ത ശേഷമാണ് അഗ്നിരക്ഷാ സേനയ്ക്ക് മുന്നോട്ട് പോകാൻ സാധിച്ചത്. ശക്തമായ കാറ്റിനും മഴയ്ക്കും ഇടയിൽ റോഡിലെ തടസങ്ങൾ നീക്കിയാണ് സ്ത്രീയെ വാഹനത്തിൽ കൊണ്ടുപോയത്. യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന അരംഭിച്ചു. പ്രസവസമയത്ത് അഗ്നിശമന സേനാംഗങ്ങൾ സഹായിച്ചു.”- ഡാഷ് പറഞ്ഞു.
ചുഴലിക്കാറ്റിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 1.25 ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും ഇനിയും ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങുകയാണെന്നും സ്പെഷ്യൽ റിലീഫ് കമ്മീഷണർ അറിയിച്ചു