ബെംഗളൂരു: ബെംഗളൂരുവിലെ വന്‍ സ്‌ഫോടന ശബ്ദത്തെക്കുറിച്ച് പോലീസും വിദഗ്ധരും അന്വേഷണം തുടങ്ങി. ബുധനാഴ്ചയാണ് സ്‌ഫോടന സമാനമായ ശബ്ദം ബെംഗളൂരുവിനെ വിറപ്പിച്ചത്. സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചതോടെ നഗരം പരിഭ്രാന്തിയിലായി. നഗരത്തിലെ വൈറ്റ്ഫീല്‍ഡ് ഏരിയയിലാണ് ഉച്ചക്ക് 1.45ഓടെ സ്‌ഫോടന ശബ്ദം കേട്ടത്. ചില വീടുകളുടെ ജനലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഞ്ച് സെക്കന്റോളം ശബ്ദമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു.
ഭൂമികുലുക്കമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ഭൂമികുലുക്കമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കുക്ക്ടൗണ്‍, വിവേക് നഗര്‍, രാമമൂര്‍ത്തി നഗര്‍, ഹൊസൂര്‍ റോഡ്, എച്ചഎഎല്‍, ഓള്‍ഡ് മദ്രാസ് റോഡ്, ഉള്‍സൂര്‍, കുണ്ടനഹള്ളി, കമ്മനഹള്ളി, സിവി രാമന്‍നഗര്‍ എന്നിവിടങ്ങളിലും ശബ്ദം കേട്ടു.
സംഭവം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശബ്ദം എന്താണെന്ന് അന്വേഷിക്കാന്‍ കമ്മീഷണര്‍ എയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു. എന്തുകൊണ്ടാണ് ശബ്ദമുണ്ടായതെന്ന് അന്വേഷിക്കുകയാണെന്ന് കര്‍ണാടക സ്റ്റേറ്റ് നാച്ചുറല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്ററിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. അതേസമയം, ഭൂകമ്പത്തിന്റെ ഭാഗമായല്ല ശബ്ദമുണ്ടായതെന്നും അവര്‍ പറഞ്ഞു.