ഇന്ത്യൻ വൈറസ് ചൈനയിലും ഇറ്റലിയിലും നിന്നും വന്നതിനെക്കാൾ മാരകം: നേപ്പാൾ പ്രധാനമന്ത്രി

കാഠ്മണ്ഡു: ഇന്ത്യൻ കൊറോണ വൈറസ് ചൈനയിൽ നിന്ന് വന്നതിനേക്കാളും ഇറ്റലിയിൽ നിന്ന് വന്നതിനെക്കാളും മാരകമാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമാ ഒലി. അനധികൃതമായ മാർഗത്തിലൂടെ ഇന്ത്യയിൽ നിന്ന് വരുന്നവരാണ് രാജ്യത്ത് കൊറോണ പടർത്തിയത്. കൊറോണ വ്യാപനത്തിന് ശേഷം ആദ്യമായി പാർലമെന്റിൽ സംസാരിക്കവേയാണ് ഇന്ത്യയെക്കുറിച്ച് ഇത്രയധികം ആരോപണങ്ങളുമായി നേപ്പാൾ പ്രധാനമന്ത്രി രംഗത്തുവന്നത്.
കൂടുതൽ ആളുകളെ ഇന്ത്യയിൽ നിന്നുള്ള വൈറസ് രോഗ ബാധിതരാക്കുന്നുവെന്നും ശർമാ ഒലി പറഞ്ഞു. ഇന്ത്യയിൽ നിന്ന് രാജ്യത്തേക്ക് ആളുകളെ എത്തിക്കുന്നതിൽ നേപ്പാളിലെ ചില ജനപ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും പങ്കുണ്ട്. പരിശോധനകൾ ഏതുമില്ലാതെയാണ് ഇന്ത്യയിൽ നിന്ന് ആളെ കൊണ്ടുവരുന്നതെന്നും നേപ്പാൾ പ്രധാനമന്ത്രി ആരോപിച്ചു.
ഇന്ത്യയുടെ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമാക്കിയുള്ള മാപ്പ് പുറത്തിറക്കിയതിനെയും അദ്ദേഹം വിമർശിച്ചു. ലിംപിയാധുര, ലിപുലേക്ക്, കാലാപാനി എന്നീ സ്ഥലങ്ങൾ ഇന്ത്യയിലേതാണെന്നും എന്നാൽ പുതിയ മാപ്പിൽ ഇന്ത്യ ആ പ്രദേശങ്ങൾ നേപ്പാളിന്റെതായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ നേപ്പാളിലെ കൊറോണ വൈറസ് വ്യാപനത്തിനും അദ്ദേഹം ഇന്ത്യയെ കുറ്റപ്പെടുത്തി.