മലപ്പുറം: ഒതുക്കങ്ങലിലെ കോഴികളിട്ട മുട്ടയുടെ കരുവിൻ്റെ നിറം പച്ച. ഭക്ഷണം മാറ്റിയിട്ടും നിറം മാറിയില്ല. കോഴികള്‍ പച്ചക്കരുവുള്ള മുട്ടയിടുന്നു എന്ന വാര്‍ത്തയെത്തുടര്‍ന്ന് കേരള വെറററിനറി സര്‍വകലാശാല നടത്തിയ പഠനത്തിന്റെ ഭാഗമായാണ് തീറ്റ മാറി നല്‍കിയത്. എന്നാല്‍ ഇപ്പോഴും കോഴിയിടുന്ന മുട്ടയുടെ കരു പച്ച തന്നെ.
ഒതുക്കുങ്ങല്‍ ഗാന്ധിനഗറിലെ അമ്പലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബിന്റെ വീട്ടില്‍വളര്‍ത്തുന്ന ഏഴുകോഴികളാണ്, പ്രത്യേകതകളുള്ള മുട്ടയിടുന്നത്. ശിഹാബ് വിവിധ ഇനത്തിലുള്ള കോഴികളെ വര്‍ഷങ്ങളായി വീട്ടില്‍ വളര്‍ത്തുന്നുണ്ട്. നാടന്‍, കരിങ്കോഴി, ഫാന്‍സി കോഴികള്‍ എന്നിവയൊക്കെയാണ് വീട്ടിലുള്ളത്.
മാസങ്ങള്‍ക്കുമുന്‍പ് ഈ കോഴികള്‍ ഇടുന്ന മുട്ടയുടെ നിറംമാറ്റം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആദ്യമെല്ലാം കേടാണെന്ന് കരുതി കളഞ്ഞു. എന്നാല്‍ പിന്നീട് ഉണ്ടായ മുട്ടയുടെ കരുവിനും അതേ നിറം. അങ്ങനെയാണ് വിഷയം വെറ്ററിനറി സര്‍വകലാശാല അധികൃതരുടെ അടുത്തെത്തിയത്.
കോഴികള്‍ക്കു നല്‍കുന്ന തീറ്റയുടെ പ്രത്യേകത കൊണ്ട് നിറം മാറ്റം സംഭവിക്കാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. പച്ചനിറം കൂടുതലുള്ള ഗ്രീന്‍പീസ് പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടാല്‍ ഇങ്ങനെയുണ്ടാവാമെന്ന് അവര്‍ പറയുന്നു. എന്തായാലും ഒരാഴ്ചയായി കോഴികള്‍ക്കു സര്‍ക്കാര്‍ വക തീറ്റയാണ് നല്‍കുന്നത്. എന്നിട്ടും കരു പച്ചതന്നെയായതിന്റെ അമ്പരപ്പിലാണ് അധികൃതര്‍. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തുമെന്നാണ് അവര്‍ പറയുന്നത്.