ശ്രമിക് ട്രെയിനിൽ മടങ്ങാൻ അർഹരായ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് തുക നൽകുമെന്ന് കോൺഗ്രസ്

ന്യൂഡെൽഹി: ഡെൽഹി- കേരളാ ശ്രമിക് ട്രെയിൻ സർവീസിൽ നാട്ടിലേക്ക് പോകുന്ന അർഹരായ വിദ്യാർത്ഥികളുടെ ടിക്കറ്റിനുള്ള പണം നൽകുമെന്ന് കോൺഗ്രസ് ഡെൽഹി ഘടകം. കേന്ദ്രവും സംസ്ഥാനവും സൗജന്യ യാത്ര വിദ്യാർത്ഥികൾക്ക് അനുവദിക്കാത്തതിനാലാണ് കോൺഗ്രസ് ഇത്തരത്തിലൊരു സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഡെൽഹി പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അനിൽ കുമാർ ചൗധരിയാണ് ടിക്കറ്റ് തുക നൽകുന്ന കാര്യം അറിയച്ചത് . ടിക്കറ്റിന്റെ കോപ്പി, വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന ഐഡി കാർഡ്, നോർക്കാ രജിസ്‌ട്രേഷൻ നമ്പർ, അക്കൗണ്ട് നമ്പർ എന്നിവ അയച്ചു നൽകിയാൽ ബാങ്ക് അക്കൗണ്ടിലേക്ക് ടിക്കറ്റിന്റെ പണം ഇട്ടുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിൽ കുടുങ്ങിക്കിടന്ന നിരവധി മലയാളി വിദ്യാർത്ഥികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഡൽഹിയിൽ നിന്ന് ആദ്യ ശ്രമിക് ട്രെയിൻ പുറപ്പെടുന്നത്.1304 യാത്രക്കാരിൽ 971 പേരും ഡൽഹിയിൽ നിന്നുള്ളവരാണ്. യു പി, ജമ്മു കശ്മീർ, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് മറ്റു യാത്രക്കാർ.