തണ്ണിമത്തൻ ലോറിയിൽ 58.5 കിലോ കഞ്ചാവ് കടത്ത്; രണ്ടു പേർ പിടിയിലായി

മലപ്പുറം: തണ്ണിമത്തൻ കയറ്റി വന്ന ലോറിയിൽ നിന്നും 58.5 കി.ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. ഡ്രൈവർ ക്യാബിനുള്ളിൽ ഒരു ചാക്കിലും ക്യാബിനു മുകളിൽ ടാർ പായ കൊണ്ട് മൂടിയ നിലയിൽ മറ്റൊരു ചാക്കിലുമായി 27 പൊതികളിലായി ഒളിപ്പിച്ച് വച്ച 58.5 കി.ഗ്രാം ഉണക്ക കഞ്ചാവാണ് കണ്ടെടുത്തത്.
വയനാട് പന്തിപ്പൊയിൽ കൂനൻ കരിയാട് വീട്ടിൽ ഹാഫിസ്, കോഴിക്കോട് പാലങ്ങാട് വൈലാങ്കര വീട്ടിൽ സഫ്തർ ഹാഷ്മി എന്നിവരെ അറസ്റ്റ് ചെയ്തു. വട്ടോളി സ്വദേശി അബുവിനെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

നിലമ്പൂർ ന്യൂ ലൈഫ് മെറ്റേർണിറ്റി ആശുപത്രിക്ക് എതിർവശത്തുള്ള അസ്സീസി ഭവൻ എഫ് സി കോൺവെന്റ് ഗേറ്റിന് മുൻ വശത്തു വച്ചാണ് ലോറി പിടികൂടിയത്. നിലമ്പൂർ ഭാഗത്തേക്ക് തണ്ണിമത്തൻ ലോഡുമായി വരുകയായിരുന്ന KL 56 Q 7386 നമ്പർ ലോറിയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവൻ ആയ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ , പ്രിവന്റീവ് ഓഫീസർ എം.ഹരികൃഷ്ണൻ കാളികാവ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർമാരായ എൻ.ശങ്കരനാരായണൻ, പി. അശോക് നിലമ്പൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ഡ്രൈവർ കെ.രാജീവ് എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.