ഉംഫുൻ ചുഴലിക്കാറ്റ് ഒഡിഷ തീരത്തിന് 700 മീറ്റർ അടുത്തെത്തി

ഭുവനേശ്വർ: ഉംഫുൻ ചുഴലിക്കാറ്റ് ഒഡിഷ തീരത്തിന് 700 മീറ്റർ അടുത്തെത്തി. സൂപ്പർ ചുഴലിക്കാറ്റ് ആയ ഉംപുൻ ഇന്ന് കൂടുതൽ ശക്തി കയ്‌വരിക്കുകയും മണിക്കൂറിൽ 265 കിലോമീറ്റർ വേഗത്തിൽ എത്തുകയും ചെയ്യും. ഒഡിഷയിലെയും ബംഗാളിലെയും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളുടെ എണ്ണം 1665 ആയി വർധിപ്പിച്ചിട്ടുണ്ട്.

എൻഡിആർഎഫിന്റെ 37 സംഘങ്ങളെ ബംഗാളിലും ഒഡീഷയിലും വിന്യസിച്ചിട്ടുണ്ട് എന്ന് ഡയറക്ടർ ജനറൽ എസ്.എൻ. പ്രധാൻ. പ്രധാനമന്ത്രിയുമായി നടത്തിയ അവലോകന യോഗത്തിൽ ആണ് അദ്ദേഹം ഇത് അറിയിച്ചത്. കേരളതീരത്തും ലക്ഷദീപിലും മണിക്കൂറിൽ 45- 55 കിലോ മീറ്റർ കാറ്റിന് സാധ്യതയുണ്ട്. കേരളത്തിൽ കനത്ത മഴയും കാറ്റും മിന്നലും ഉണ്ടാകും. കേരളത്തിലെ മത്സ്യ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശമുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.