പ്രവർത്തിക്കാത്ത കമ്പനികൾ; തൊഴിലാളികൾക്ക് മുഴുവൻ വേതനം നൽകണമെന്ന ഉത്തരവ് കേന്ദ്രം പിൻവലിച്ചു

ന്യൂഡെൽഹി: ലോക്ക്ഡൗൺ കാലത്ത് കമ്പനികൾ പ്രവർത്തിച്ചില്ലെങ്കിലും തൊഴിലാളികൾക്ക് കമ്പനികളും വാണിജ്യയൂണിറ്റുകളും മുഴുവൻ വേതനവും നൽകണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു.

2005 ലെ ദുരന്തനിവാരണ നിയമത്തിലെ 10(2) വകുപ്പ് പ്രകാരം ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി (എൻഇസി) പുറപ്പെടുവിച്ച ഉത്തരവുകൾ 18.05.2020 മുതൽ മരവിപ്പിക്കുന്നു” എന്നാണ് ലോക്ക്ഡ ഡൗണിന്റെ നാലാം ഘട്ടത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ ഉത്തരവിൽ പറയുന്നത്.

ലോക് ഡൗൺ കാലത്ത് പൂട്ടിയിരിക്കുന്ന വ്യവസായസ്ഥാപനങ്ങളും കടകളും വാണിജ്യ സ്ഥാപനങ്ങളും എല്ലാ തൊഴിലുടമകളും അവരുടെ തൊഴിലാളികളുടെ വേതനം, നൽകണമെന്നായിരുന്നു മാർച്ച് 29ലെ ഉത്തരവ് പറഞ്ഞത്.

അതേസമയം രാജ്യവ്യാപകമായി പൂട്ടിയിട്ടിരിക്കുന്ന സമയത്ത് തങ്ങളുടെ ജീവനക്കാർക്ക് മുഴുവൻ വേതനം നൽകാൻ കഴിയാത്ത കമ്പനികൾക്കും തൊഴിലുടമകൾക്കുമെതിരെ ഒരാഴ്ചത്തേക്ക് യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി മെയ് 15 ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എന്നതാണ് ശ്രദ്ധേയം.