മുംബൈയിൽ 21000 രോഗ ബാധിതർ ; മഹാരാഷ്ട്രയിൽ 35000 പേർക്ക് കൊറോണ

മുംബൈ: മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾക്കിടയിലും കൊറോണ അതിവേഗം വ്യാപിക്കുന്നു. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 51 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. ദിവസവും രണ്ടായിരത്തോളം പേർക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 35000 കടന്നു. ഇന്ത്യയിലെ കൊറോണ രോഗികളിൽ മൂന്നിലൊന്ന് മഹാരാഷ്ട്രയിലാണ്.

24 മണിക്കൂറിനിടെ 55 പോലീസുകാർക്ക് കൂട്ടത്തോടെ കൊറോണ രോഗം സ്ഥിരീകരിച്ചത് സംസ്ഥാനത്തെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.


ഇത് വരെ 1328 പോലീസുകാർക്ക് ആണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. ഈ മാസം അവസാനത്തോടെ 75000 ന് മുകളിൽ കേസുകൾ ഉണ്ടായേക്കാം എന്നാണ് കണക്ക് കൂട്ടൽ. മുംബൈ നഗരത്തിൽ മാത്രം 21000 കൊറോണ രോഗികൾ ആണ് ഉള്ളത്. ഇവിടെ മാത്രം 24 മണിക്കൂറിനിടെ 23 പേർ കൂടി മരിച്ചു. നിലവിലെ ഈ സഹചര്യത്തിൽ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ഐസോലേഷൻ കേന്ദ്രങ്ങൾ ഒരുക്കുകയാണ്. സംസ്ഥാനത്തെ രോഗബാധിത പ്രദേശങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ അർദ്ധ സൈനികരെയും നിയോഗിച്ചിട്ടുണ്ട്.