ഭാഗ്യക്കുറി വില്‍പ്പന 21 ന് പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗ്യക്കുറി വില്‍പ്പന 21 ന് പുനരാരംഭിക്കും. ജൂണ്‍ ഒന്നുമുതല്‍ നറുക്കെടുപ്പ് ആരംഭിക്കും. ലോട്ടറി ഏജന്റുമാരുമായി ധനമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

ക്ഷേമനിധി അംഗങ്ങളായ വില്‍പ്പനക്കാര്‍ക്ക് 100 ടിക്കറ്റ് കടം നല്‍കും. ഓണത്തിനുമുമ്പ് പണം ഗഡുക്കളായി തിരിച്ചടയ്ക്കണം. മുടങ്ങിയാല്‍ ഓണംബോണസില്‍ കുറയ്ക്കും. അടച്ചുപൂട്ടലിന്റെ ഭാഗമായി ഉപയോഗശൂന്യമായ ടിക്കറ്റുകള്‍ ഭാഗ്യക്കുറി ഓഫീസിലെത്തിച്ചാല്‍, അതേ നറുക്കെടുപ്പിനുള്ള പുതിയ ടിക്കറ്റ് നല്‍കും. മാറ്റിവച്ച എട്ട് നറുക്കെടുപ്പ് ജൂണ്‍ ഒന്നുമുതല്‍ ആഴ്ചയില്‍ രണ്ടെന്ന ക്രമത്തില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് പെരുമാറ്റചട്ടം പാലിച്ചാകും വില്‍പ്പന. വില്‍പ്പനക്കാര്‍ക്കുള്ള മാസ്‌കും കുപ്പി സാനിട്ടൈസറും ക്ഷേമനിധി ബോര്‍ഡുവഴി സൗജന്യമായി നല്‍കും. നിലവിലെ ഡിസ്‌കൗണ്ട് സ്ലാബ് കുറയ്ക്കും. 10,000 ടിക്കറ്റിനു മുകളില്‍ എടുക്കുന്നവര്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ട്. 8400നു മുകളില്‍ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് ഉയര്‍ന്ന ഡിസ്‌കൗണ്ട് നിരക്കുകള്‍ നല്‍കും. ഭാഗ്യക്കുറി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം പൂര്‍ണമായും ആരോഗ്യമേഖലയ്ക്ക് വേണ്ടി ചെലവിടും. ഇതും കണക്കിലെടുത്താണ് നറുക്കെടുപ്പ് പുനരാരംഭിക്കുന്നതെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.