തിരുവനന്തപുരം: കൊറോണ വ്യാപനം വീണ്ടും വലിയ ഭീഷണി ഉയര്‍ത്തുമ്പോള്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ പിടിവാശി ആശങ്ക ഉയര്‍ത്തുന്നു. കർശന നിയന്ത്രങ്ങളേർപ്പെടുത്തി ജനങ്ങളെ വീട്ടിലിരുത്തുന്നതിന് പകരം പുറത്തേക്ക് ചാടിക്കുന്ന പരിപാടിയാകും പരീക്ഷാ നടത്തിപ്പെന്ന് ആശങ്ക വളർന്നു കഴിഞ്ഞു. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളെഴുതാൻ പത്ത് ലക്ഷത്തോളം കുട്ടികളാണ് പുറത്തിറങ്ങേണ്ടി വരുന്നത്. പരീക്ഷാ നടത്തിപ്പുവായി ബന്ധപ്പെട്ട അധ്യാപകരും കുട്ടികളുമായി വരുന്ന രക്ഷാകർത്താക്കളും വാഹന സൗകര്യവും കൂടി കണക്കിലെടുക്കുമ്പോൾ 20 ലക്ഷത്തിലേറെ പേരാണ് ഒറ്റയടിക്ക് കേരളത്തിൽ നിരത്തിലിറങ്ങുക. ഇത് സർവ്വ സംവിധാനങ്ങളെയും ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മെയ് 26 മുതലാണ് ഹയര്‍സെക്കന്‍ഡറി , എസ്.എസ്.എല്‍.സി പരീക്ഷകള്‍ തുടങ്ങുന്നത്. അന്ന് ഇത്രയധികകം കുട്ടികൾ കൂട്ടത്തോടെ പുറത്തിറങ്ങുമെന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ നിന്നു പോലും വിദ്യാർഥികൾ പരീക്ഷയ്ക്ക് എത്തിയാൽ അവരെ തടയാനാവില്ല.
പരീക്ഷകൾക്ക് കുട്ടികൾക്ക് സ്കൂളിലെത്താനും മടങ്ങാനും ആവശ്യത്തിന് ഗതാഗത സൗകര്യങ്ങളില്ലെന്നത് പകൽ പോലെ വ്യക്തമാണ്. സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന കുട്ടികളെക്കാൾ കൂടുതൽ പൊതുഗതാഗത്തെ ആശ്രയിക്കുന്നവരാണ്. സർക്കാർ വാഹനങ്ങൾ ഓടിച്ചാലും സാമൂഹിക അകലം പാലിച്ച് കുട്ടികൾക്ക് സ്കൂളുകളിൽ വന്നു പോകുക ഏറെ ദുഷ്ക്കരവും അപകടം പിടിച്ചതുമാകും.
പരീക്ഷയ്‌ക്കെത്തുന്ന കുട്ടികളെല്ലാം അകലം പാലിക്കുമെന്നും സാനിറ്റൈസറും മാസ്കും എല്ലായ്പോഴും ഉപയോഗിക്കുമെന്നും ഉറപ്പാക്കുക അസാധ്യമാണ്. പരീക്ഷക്ക് മുമ്പും ശേഷവും കുട്ടികൾ കൂട്ടം കൂടുന്നുണ്ടോയെന്നു നോക്കാൻ അധ്യാപകർക്കു പോലുമാവില്ല. പരീക്ഷ എഴുതേണ്ട കുട്ടികളിൽ ഒട്ടേറെ പേർ മറ്റു ജില്ലകളിലാണ്. അവർ എങ്ങനെ തിരിച്ചെത്തുമെന്നതും മറ്റൊരു ചോദ്യചിഹ്നമാണ്.
സർക്കാർ പരീക്ഷാ നടത്തിപ്പിൽ ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഇന്നലെ ഇറക്കിയ മാർഗരേഖയിലെ നിർദേശം. “പരീക്ഷാ നടത്തിപ്പിനാവശ്യമായ മുന്നൊരുക്കങ്ങൾക്കും, പരീക്ഷാ നടത്തിപ്പിനുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സര്‍ക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ് ഉൾപ്പെടെ) പ്രവര്‍ത്തിക്കാവുന്നതാണ്. ഇതിന് ശനിയാഴ്ച ഒഴിവ് ബാധകമല്ല.” എന്നാൽ സ്കൂൾ, കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് കേന്ദ്ര സർക്കാർ മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ കേന്ദ്ര മാർഗരേഖയുടെ ലംഘനമാകും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് ലക്ഷക്കണക്കിന് വിദ്യാർഥികളെ പരീക്ഷ എഴുതിക്കുന്നത്.
2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,450 വിദ്യാർത്ഥികളാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. 2,16,067 ആൺകുട്ടികളും 2,06,383 പെൺകുട്ടികളും. സർക്കാർ സ്‌കൂളുകളിൽ 1,38,457-ഉം എയ്ഡഡ് സ്‌കൂളുകളിൽ 2,53,539- ഉം അൺ എയ്ഡഡ് സ്‌കൂളുകളിൽ 30,454 -ഉം വിദ്യാർത്ഥികളുണ്ട്. ഗൾഫ് മേഖലയിൽ 597 -ഉം ലക്ഷദ്വീപിൽ 592- ഉം പേരും,ഓൾഡ് സ്‌കീമിൽ 87 പേരും.ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്സിലാണ് (2327). കുട്ടനാട് തെക്കേക്കര ഗവ.എച്ച്.എസ്സിലാണ് ഏറ്റവും കുറവ്.( 2).ടി.എച്ച്.എസ്.എൽ.സി : 48 പരീക്ഷാ കേന്ദ്രങ്ങൾ. 3091 പേർ. പ്ലസ് ടു :2033 പരീക്ഷാ കേന്ദ്രങ്ങൾ. 4,52,572 വിദ്യാർത്ഥികൾ സ്‌കൂൾ ഗോയിംഗ് – 3,77,322 . ആൺകുട്ടികൾ-1,80,352. പെൺകുട്ടികൾ-1,97,970 .ഓപ്പൺ സ്‌കൂൾ- 50,890.
കുട്ടികള്‍ സാമൂഹിക അകലം പാലിക്കുക,എപ്പോഴും മാസ്ക്ക് ധരിക്കുക, കൈകഴുകുക എന്നതൊക്കെ അപ്രായോഗികമാണ്. അതിനാല്‍ കൂട്ടം കൂടിയാല്‍ അവര്‍ക്ക് രോഗം വരാനും രോഗവാഹകരാകാനും സാധ്യത കൂടുതലാണ്.
ഏറ്റവും കൂടുതൽ – മലപ്പുറം( 80,051).ടെക്നിക്കൽ -1229 .ലക്ഷദ്വീപ് – 1268 .ഗൾഫ്- 498 . മാഹി- 754 പരീക്ഷയെഴുതും.
നിലവില്‍ 87 പേരാണ് കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 56,981 പോരാണ് നിരീക്ഷണത്തിലുള്ളത്. കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ദിവസേന എത്തുന്ന നൂറുകണക്കുനുപേര്‍ നിരീക്ഷണത്തിലാണ്. പലര്‍ക്കും രോഗം സ്ഥിരീകരിക്കുന്നു. അതീവ ഗുരുതരമായ ഈ സാഹചര്യത്തിലാണ് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. ഏറ്റവും കൂടുതല്‍പേര്‍ ചികിത്സയിലുള്ള വയനാട് , മലപ്പുറം, കാസര്‍കോട്, പാലക്കാട് , കോഴിക്കോട് ജില്ലകളില്‍ എങ്ങിനെ പരീക്ഷയും മൂല്യനിര്‍ണയ ക്യാമ്പുകളും നടത്തുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
രോഗവ്യാപനം നന്നായി കുറയാതെ കുട്ടികളെ വീടുകള്‍ക്ക് പുറത്തെത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് പരീക്ഷകളും സ്കൂൾ തുറക്കലും തല്‍ക്കാലം മാറ്റിവെക്കണമെന്ന അഭിപ്രായമാണ് ഉയരുന്നത്.