കൊറോണക്കെതിരെ വാക്സിൻ ; മനുഷ്യരിൽ പരീക്ഷിച്ചു; വിജയകരമെന്ന് അമേരിക്കൻ കമ്പനി

വാഷിംഗ്ടൺ: കൊറോണക്കെതിരായ വാക്സിൻ കണ്ടെത്തിയെന്ന് അമേരിക്കൻ കമ്പനി. വൈറസിനെതിരെ നടത്തിയ വാക്‌സിന്‍ പരീക്ഷണം വിജയകരമെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ മരുന്ന് കമ്പനിയായ മോഡേണ രംഗത്ത് എത്തിയിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്സിൻ കുത്തിവെച്ച ആളുകളുടെ ശരീരത്തിനുള്ളിൽ
കോറോണയെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടെന്നും ഇത് കൊറോണ രോഗമുക്തരായവരുടെ ശരീരത്തില്‍ കണ്ടെത്തിയ ആന്റിബോഡിയുടെ അളവിനേക്കാള്‍ കൂടുതലാണെന്നും ഇവര്‍ പറഞ്ഞു. 45 വോളന്റിയർമാരിലാണ് എംആർഎൻഎ-1273 വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം നടത്തിയത്. രണ്ടാം ഘട്ടത്തിൽ 600 പേരിൽ വാക്സിൻ ഉടൻ പരീക്ഷിക്കും. ജൂലൈയോടെ മൂന്നാം ഘട്ട പരീക്ഷണം
ആയിരം പേരിലാകും നടക്കുക. ഒന്നാം ഘട്ട ട്രയൽ സിയാറ്റിലിലെ കൈസർ പെർമനൻറ് വാഷിംഗ്ടൺ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടന്നത്. 45 പുരുഷന്മാർക്കും 18 നും 55 നും ഇടയിൽ പ്രായമുള്ള ഗർഭിണികളായ സ്ത്രീകൾക്ക് വാക്സിൻ പരീക്ഷിച്ചു.

ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡോസുകളാണ് പരീക്ഷണത്തിനായി തയ്യാറാക്കിയതെങ്കിലും ആദ്യത്തെ രണ്ട് തരത്തിലുള്ള ഡോസുകൾ പരീക്ഷിച്ചപ്പോൾ ഒരാളിൽ വാക്സിൻ കുത്തിവെച്ച സ്ഥലത്ത് ചുവന്ന തടിപ്പും വേദനയുമാണ് ദൂഷ്യഫലമായി പ്രകടമായത്. എന്നാൽ ഹൈ ഡോസ് വാക്സിൻ പ്രയോഗിച്ച മൂന്നുപേരിൽ പനി, പേശിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചുവെന്നും മൊഡേണ മരുന്ന് കമ്പനി പറയുന്നു

നേരത്തെ എലികളില്‍ നടത്തിയ പരീക്ഷണവും വിജയകരമായിരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കോറോണക്കെതിരായിയുള്ള ആന്റിബോഡികൾ ഒരു പരിധിവരെ സംരക്ഷണം നൽകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നത്. പക്ഷേ വൈറസിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇനിയും കണ്ടുപിടിക്കാത്തതിനാൽ ആന്റിബോഡികൾ പ്രയോഗിച്ച ശേഷവും ചില രോഗികൾക്ക് വൈറസിൽ നിന്ന് മോചിതരാവാൻ സാധ്യമാകില്ലെന്നാണ് ഇവർ പറയുന്നത്.

കോറോണയെ തടയാൻ ഒരു വാക്സിൻ ഉത്പാദിപ്പിക്കുന്നത് 12 മുതൽ 18 മാസം വരെ എടുക്കുമെന്ന് യുഎസ് അധികൃതർ പറയുന്നത് . ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ നൂറിലധികം വാക്സിനുകൾ വികസിച്ചുകൊണ്ടിരിക്കുകയാണ്. കുറഞ്ഞത് എട്ട് വാക്സിനുകൾ മനുഷ്യ പരീക്ഷണങ്ങളിലുണ്ട്.

ആദ്യ ഘട്ട പരീക്ഷണത്തില്‍ കൊറോണ വാക്‌സിന്‍ വിജയമായതിനെ തുടര്‍ന്ന് മോഡേണയുടെ ഓഹരിയില്‍ 240 ശതമാനം വര്‍ദ്ധനയുണ്ടായി. മോഡേണയുടെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള പദ്ധതിയില്‍ അമേരിക്കന്‍ സര്‍ക്കാരും വന്‍തുക നിക്ഷേപിച്ചിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്സിൻ പ്രയോജനപ്പെടുമെന്ന് തെളിഞ്ഞാൽ 2021 ഓടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം ഉണ്ടാകും.