ബെംഗളുരു: കനത്ത മഴ കേരളത്തിൽ ഇന്നും തുടരും. സംസ്ഥാനത്തിൻ്റെ തെക്കൻ ജില്ലകളിൽ ഇന്നലെ രാത്രി ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലർട്ട് ആണ്.
അടുത്ത ആറ് മണിക്കൂറിൽ ‘അംഫാൻ’ അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റർ തെക്കും പശ്ചിമബംഗാളിന്‍റെ ദിഖയുടെ 1110 കിലോമീറ്റർ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോൾ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും, ഏതാണ്ട് 200 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമുണ്ടാകും.