കൊച്ചി : വേനലവധിക്ക് ശേഷം തുറന്ന ഹൈക്കോടതി അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയിലുള്ള ഫുൾബെഞ്ച്. ഹൈക്കോടതിയിൽ അഭിഭാഷകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ലോക്ക് ഡൗണിനും വേനലവധിക്കും ശേഷം ഇന്നാണ് കോടതി തുറന്ന് പ്രവർത്തനം ആരംഭിച്ചത്. കര്‍ശനമായ വ്യവസ്ഥകളോടെയേ കേസ് പരിഗണിക്കുകയുള്ളുയെന്നും കോടതി മുറിയില്‍ ആകെ 10 സീറ്റുകള്‍ അനുവദിക്കുകയുള്ളെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കൂടാതെ 6 അഭിഭാഷകരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നുമായിരുന്നു കോടതി നിർദേശിച്ചത്. എന്നാൽ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അഭിഭാഷകർ കൂട്ടത്തോടെ കോടതിയിലെത്തുകയായിരുന്നു.
അഭിഭാഷകാരുടെ ഭാഗത്തു നിന്നും ഇങ്ങനെയുള്ള പ്രവർത്തികളാണ് തുടരുന്നത് എങ്കിൽ കോടതിയുടെ പ്രവർത്തനം നിർത്തേണ്ടിവരുമെന്നും വീഡിയോ കോൺഫറൻസിംഗ് നടത്തുന്നതിനെപ്പറ്റി ചിന്തിക്കുമെന്നും കോടതി വ്യക്തമാക്കി. അഭിഭാഷക അസോസിയേഷൻ പറഞ്ഞത് കൂടി പരിഗണിച്ചാണ് കോടതി തുറന്നതെന്നും അഭിഭാഷകരെ നിയന്ത്രിക്കുന്നതിൽ ഭാരവാഹികൾ പരാജയപ്പെട്ടെന്നും കോടതി കുറ്റപ്പെടുത്തി.
ഹര്‍ജികള്‍ പരിഗണിക്കുന്നതും അന്തിമ വാദങ്ങള്‍ നടക്കുന്നതുമായിരുന്നു കോടതികള്‍ തുറക്കാൻ തീരുമാനിച്ചത്. അതത് ദിവസം ലിസ്റ്റ് ചെയ്ത കേസുകളിലെ അഭിഭാഷകരെ മാത്രമേ കോടതിയിലേക്ക് കടത്തിവിടുകയുള്ളൂ എന്നായിരുന്നു നിർദേശം എന്നാൽ ഇതിന് വിരുദ്ധമായി അഭിഭാഷകർ കൂട്ടത്തോടെയാണ് ഇന്ന് കോടതിയിൽ എത്തിയത്.