ഷാര്‍ജയിൽ വൈദികൻ കൊറോണ ബാധിച്ച് മരിച്ചു

ദുബായ്: ഷാര്‍ജ സെന്റ് മൈക്കിള്‍സ് പള്ളിയിലെ വൈദികൻ ഫാ. യൂസഫ് സമി യൂസഫ് (63) കൊറോണ ബാധിച്ചു മരിച്ചു. മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മൂന്നാഴ്ചയോളം ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ സംസ്‌കാരം ചടങ്ങുകള്‍ പിന്നീട് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഫ്രഞ്ച്, അറബി ഭാഷകളിലുള്ള ക്രിസ്തീയ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകളുടെ ചുമതലക്കാരൻ കൂടിയായിരുന്നു ഫാ. യൂസഫ്. 1957 നവംബർ 18 ന് സിഡോണിലെ മരോനൈറ്റ് രൂപതയിലെ മോണ്ട് ലിബാനിലെ ഡീർ ഡോറിറ്റിൽ യൂസഫ് ജനിച്ചു. 1988 ജൂലൈ 2 ന് പൗരോഹിത്യം സ്വീകരിച്ചു. ഷാര്‍ജ സെന്റ് മൈക്കിള്‍സ് പള്ളിക്ക് കീഴിലെ മലയാളി സമൂഹം ഉള്‍പ്പടെയുള്ള വിവിധ വിഭാഗങ്ങളുമായും സംഘടനകളുമായും മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. ലബനന്‍ സ്വദേശിയായ ഫാ യൂസഫ് കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിലെ അംഗമാണ്.

2016 മുതൽ ഷാർജ സെന്റ് മൈക്കിൾസ് പളളിയിൽ സേവനമനുഷ്ടിക്കുകയായിരുന്നു ഫാ. യൂസഫ്. നേരത്തേ ദോഹ ഔവർ ലേഡി ഓഫ് റോസരി ചർച്ച്, മനാമ സേക്രഡ് ഹാർട് ചർച്ച്, അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രൽ, ഗാല ഹോളി സ്പിരിറ്റ് ചർച്ച്, അൽ ഐൻ സെന്റ് മേരീസ് ചർച്ച് എന്നിവിടങ്ങളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ നിര്യാണത്തില്‍ വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യ ബിഷപ്പ് പോള്‍ ഹിന്റര്‍ അനുശോചനം രേഖപ്പെടുത്തി. ഫാ. യൂസഫിനായി പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു.