കോഴിക്കോട്: കൊറോണ പ്രതിസന്ധിയെ മുൻനിർത്തി വീടുകളില്‍ ഈദ് നമസ്‌കാരം നിര്‍വ്വഹിക്കുന്നത് അനുവദനീയമാണെന്ന് സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിത സഭാ തലവനുമായ ശൈഖ് അബ്ദുല്‍ അസീസ് അല്‍ അശൈഖ്. പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരങ്ങൾ പോലെ വീടുകളില്‍ വെച്ചും നിസ്‌കരിക്കാം. എന്നാല്‍ വീടുകളില്‍ വെച്ചുള്ള പെരുന്നാള്‍ നമസ്‌കാരത്തിന് ഖുതുബാ പ്രഭാഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച പെരുന്നാൾ മതനസ്കാരം വീടുകളിൽ നടത്താൻ മുസ്ലിം മത പണ്ഡിതരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സക്കാത്ത് വീടുകളിൽ എത്തിച്ചു നൽകാമെന്ന തീരുമാനമാണ് യോഗത്തിൽ ഉണ്ടായത്.
സമൂഹത്തിന്റെ ഭാവിയെക്കരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്കാരം ഒഴിവാക്കാൻ തീരുമാനമെടുത്ത എല്ലാ പണ്ഡിതരെയും അഭിനന്ദിക്കുകയും അവരുടെ സഹകരണത്തിന് നന്ദി പറയുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ ഒറ്റക്കോ കൂട്ടായോ നടത്താമെന്ന് ഉന്നത പണ്ഢിത സഭാംഗം ശൈഖ് അബ്ദുല്‍ സലാം അബ്ദുല്ല അല്‍ സുലൈമാനും വ്യക്തമാക്കി.