പോലൂര്‍ കൊലപാതകം; മരിച്ചയാളുടെ തലയോട്ടി ഉപയോഗിച്ച് മുഖചിത്രം; ക്രൈംബ്രാഞ്ച് പുറത്തുവിട്ടു

കോഴിക്കോട്: പോലൂര്‍ കൊലപാതകത്തില്‍ മരിച്ചയാളുടെ തലയോട്ടി ഉപയോഗിച്ച് സൃഷ്ടിച്ച മുഖചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. സംസ്ഥാനത്താദ്യമായി ഫേഷ്യല്‍ റി ക്രിയേഷന്‍ സംവിധാനത്തിലൂടെയുണ്ടാക്കിയ ചിത്രം ആന്വേഷണത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കുമെന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. രണ്ടര വര്‍ഷം അന്വേഷിച്ചിട്ടും മരിച്ചയാളെ തിരിച്ചറിയാനാകാത്ത സാഹചര്യത്തിലാണ് ചിത്രം പുറത്തുവിട്ടത്. രണ്ടരമാസം കൊണ്ടാണ് മുഖചിത്രമുണ്ടാക്കുന്നത്. ഇതിലൂടെ മരിച്ചയാളെകുറിച്ച് വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. മൃതദേഹം കോണ്ടുവന്നിട്ടത് പോലൂര് പറമ്പില്‍ ബസാര്‍ ഭാഗത്തുള്ള ചിലരെന്ന സൂചന കിട്ടിയിട്ടുണ്ട്.

എന്നാല്‍ മരിച്ചയാളാരെന്ന് മനസിലായ ശേഷം മാത്രം ഇവരെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. 2017 സെപ്‍റ്റംബര്‍ പതിനാലിനാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പിൽ നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം മുഖം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊലീസും ക്രൈം ബ്രാഞ്ചും കൂടി രണ്ടരവര്‍ഷം അന്വേഷിച്ചിട്ടും മരിച്ചയാളെ കുറിച്ചുപോലും വിവരം ലഭിച്ചിരുന്നില്ല. ഇതോടെയാണ് സംസ്‍കരിച്ച ഇടത്തുനിന്നും തലയോട്ടി പുറത്തെടുത്ത് ഫേഷ്യല്‍ റി ക്രിയേഷന്‍ സംവിധാനം ഉപയോഗിച്ച് മുഖചിത്രമുണ്ടാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ സംവിധാനം കുറ്റാന്വേഷണത്തിന് ഉപയോഗിക്കുന്നത്.