സിബിഎസ്ഇ 10, 12 പരീക്ഷകൾ ; ജൂലായ് ഒന്നു മുതൽ 15 വരെ

ന്യൂഡെൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു.
ജൂലായ് 1 മുതൽ 15 വരെയുള്ള തീയതികളിൽ രാവിലെ 10.30 മുതൽ 1.30 വരെ ഉള്ള സമയത്ത് ആയിരിക്കും പരീക്ഷകൾ നടക്കുക.

മാനവ വിഭവശേഷി മന്ത്രി (എച്ച്ആർഡി) ഡോ. രമേശ് പൊഖ്രിയാൽ നിഷാങ്ക് തന്റെ ഔദ്യോഗിക ട്വിറ്ററിലാണ് തീയതികളുടെ പട്ടിക പുറത്ത് വിട്ടത്.

പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും 41 പേപ്പറുകൾക്ക് പകരം 29 പ്രധാന പേപ്പറുകൾ ആയിരിക്കും ഉണ്ടാവുക. വിദ്യാർത്ഥികൾക്കുള്ള വിശദമായ മാർഗ്ഗ നിർദ്ദേശങ്ങളും അറിയിച്ചിട്ടുണ്ട്.

എല്ലാ വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധം ആക്കിയിട്ടുണ്ട്. കൂടാതെ സാനിടൈസറുകൾ കരുതണമെന്നും കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

12-ാം ക്ലാസ്സുകാരുടെ 12 പരീക്ഷകള്‍ രാജ്യവ്യാപകമായി നടത്തുന്നതാണ്. അതേസമയം പത്താംക്ലാസ്സുകാരുടെ ആറു പരീക്ഷകള്‍ ഡല്‍ഹി, വടക്കു കിഴക്കന്‍ മേഖല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ്.

12-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ബിസിനസ് സ്റ്റഡീസ്, ജ്യോഗ്രഫി, ഹിന്ദി, ഹിന്ദി ( ഇലക്ടീവ്) ഹോം സയന്‍സ്, സോഷ്യോളജി, കംപ്യൂട്ടര്‍ സയന്‍സ് (ഓള്‍ഡ്) കംപ്യൂട്ടര്‍ സയന്‍സ് ( ന്യൂ), ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ് ( ഓള്‍ഡ്), ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ് ( ന്യൂ), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്.