കൊച്ചി: ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയ്ക്കെതിരെ വീണ്ടും കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിലുള്ള രഹ്ന യൂട്യൂബ് ചാനലിൽ വർഗീയ സംഘർഷം സൃഷ്ടിക്കത്തക്ക രീതിയിൽ പാചക പരിപാടി അവതരിപ്പിച്ചെന്നാണ് പുതിയ പരാതി. എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രനാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ പരാതി നൽകിയത്. വിഡിയോയുടെ പശ്ചാത്തലത്തിൽ, രഹ്നയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
രണ്ടു വിഭാഗങ്ങൾ തമ്മിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്ലോഡ് ചെയ്തെന്നാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വിശദീകരിക്കുന്നത്. നേരത്തേ, മതവികാരം വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തെന്ന കേസിലായിരുന്നു രഹനയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ വിഡിയോ ജാമ്യ ഉപാധിയുടെ ലംഘനമാണെന്നും അതുകൊണ്ടു ജാമ്യം റദ്ദാക്കണമെന്നുമാണ് പരാതിക്കാരുടെ വാദം.