ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം; ബ്യൂട്ടി പാർലറുകൾക്ക് അനുമതിയില്ല

തിരുവനന്തപുരം : ലോക്ക്ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ടിരുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി. മുടി വെട്ടുന്നതിന് മാത്രമാണ് അനുമതിയുള്ളത്. ബാര്‍ബര്‍ ഷോപ്പുകള്‍ നീണ്ട കാലയളവിന് ശേഷമാണ് വീണ്ടും തുറക്കുന്നത്.

ഫേഷ്യല്‍ അടക്കം മറ്റ് സൗന്ദര്യവര്‍ധക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിലക്ക് തുടരും. ബ്യൂട്ടി പാർലറുകൾക്ക് അനുമതിയില്ല. ബാര്‍ബര്‍ഷോപ്പില്‍ സാമൂഹിക അകലം പാലിക്കല്‍ ബുദ്ധിമുട്ടാകും എന്നതു പരിഗണിച്ചാണ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നത്.

മാത്രമല്ല, തമിഴ്‌നാട് അടക്കം നിരവധി സംസ്ഥാനങ്ങളില്‍ ബാര്‍ബര്‍ഷോപ്പില്‍ നിന്നും നിരവധി പേര്‍ക്ക് രോഗം പകര്‍ന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ബാര്‍ബര്‍ഷോപ്പുകള്‍ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചത്.

നാലാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശത്തില്‍ ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കുന്നത് അടക്കമുള്ളവയില്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.