കണ്ണൂർ: ദുബായിൽ നിന്നും ഞായറാഴ്ച രാത്രി കണ്ണൂരിലെത്തിയ വിമാനത്തിൽ രണ്ട് യാത്രക്കാർക്ക് കൊറോണ രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇരുവരേയും അഞ്ചരക്കണ്ടിയിലുള്ള പ്രത്യേക കൊറോണ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ, കാസർകോട് സ്വദേശികൾക്കാണ് പരിശോധനയിൽ രോഗലക്ഷണം കണ്ടെത്തിയത്.
ഇന്നലെ രാത്രി എത്തിയ വിമാനത്തിൽ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 127 പേർ കണ്ണൂർ സ്വദേശികളും, 58 പേർ കാസർകോട് ജില്ലക്കാരുമാണ്. കോഴിക്കോട്, കൂർഗ് സ്വദേശികളും ഇതിലുണ്ടായിരുന്നു.
മെയ് 12-നാണ് പ്രവാസികളുമായി കണ്ണൂരിൽ ആദ്യവിമാനമിറങ്ങുന്നത്. അന്നും രണ്ട് പേർക്ക് കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഞായറാഴ്ച നടത്തിയ പരിശോധനയിൽ വിമാനത്താവളത്തിൽ വച്ച് തന്നെ പ്രകടമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് പേരെയും പ്രത്യേക വഴിയിലൂടെ പുറത്തേക്ക് കൊണ്ടുപോയി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഈ വിമാനത്തിലും, ഇതിന് മുമ്പ് എത്തിയ വിമാനത്തിലും എത്തിയ എല്ലാവരുടെയും ക്വാറന്‍റൈൻ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.