ജനീവ: വൈറസിനെ തുരത്താൻ പതിവായി പൊതുസ്ഥലങ്ങളിൽ അണുനാശിനി തളിക്കുന്നത് മനുഷ്യരിൽ ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്
നൽകി.
വൈറസിനോടുള്ള പ്രതിരോധത്തിന്റെ ഭാഗമായി പല രാജ്യങ്ങളിലും പൊതുസ്ഥലങ്ങളുടെ ഉപരിതലങ്ങൾ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും അണുനാശിനി പോലുള്ളവ സ്പ്രേ ചെയ്യുന്നത് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. തെരുവുകളോ ചന്തസ്ഥലങ്ങളോ പോലുള്ള അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഇവ തളിക്കുമ്പോൾ അത് കൊറോണ വൈറസിനെയോ മറ്റ് രോഗകാരികളെയോ കൊല്ലുന്നില്ല , കാരണം അണുനാശിനികൾ ഈ സ്ഥലങ്ങളിലെ അഴുക്കും അവശിഷ്ടങ്ങളും നിർവീര്യമാക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.
അതിനാൽ ഇത്തരം സ്ഥലങ്ങളിൽ അണുനാശിനി തളിച്ചോ പുകച്ചോ കൊറോണവൈറസിനെയോ മറ്റു രോഗാണുക്കളെയോ അകറ്റാമെന്നത് തെറ്റിദ്ധാരണയാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു.
കൂടാതെ തെരുവുകളും നടപ്പാതകളും കൊറോണ “അണുബാധ നിറഞ്ഞു നിൽക്കുന്ന സ്ഥലമായി കണക്കാക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു, അണുനാശിനി തളിക്കുന്നത് മനുഷ്യ ആരോഗ്യത്തിന് അപകടകരമാകുമെന്നും അണുനാശിനി ഉപയോഗിച്ച് വ്യക്തികളെ തളിക്കുന്നത് ഒരു സാഹചര്യത്തിലും ശുപാർശ ചെയ്യുന്നില്ലെന്നും സംഘടനാ വ്യക്തമാക്കി. ക്ലോറിനും അതുപോലെയുള്ള രാസവസ്തുക്കളും കണ്ണ്, ത്വക്ക്, ശ്വാസകോശം, ആമാശയം എന്നി ശരീരഭാഗങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാനിടയുണ്ടെന്നും ലോകാരോഗ്യ സംഘടനാ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.