തിരുവനന്തപുരം: ലോക്ക്ഡൗൺ നാലാം ഘട്ടത്തിൽ സ്‍കൂളുകള്‍ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിർദ്ദേശത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‍കുളുകളിലേക്കുള്ള പ്രവേശന നടപടികള്‍ നീട്ടി. സംസ്ഥാനത്ത് നാളെ സ്‍കൂളുകളില്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. ദേശീയ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടിക്കൊണ്ട് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ സ്‍കൂളുകള്‍ തുറക്കരുതെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്‍റെ മാർഗ്ഗ നിർദ്ദേശം നാളെ ഇറങ്ങും. മാറ്റിവെച്ച എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പിൽ അന്തിമ തീരുമാനം നാളെയെടുക്കും. വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ നാളെ ഉന്നതതലയോഗം ചേരും. സ്‍കൂളുകള്‍ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിർദ്ദേശം വന്ന സാഹചര്യത്തിൽ 26ന് തുടങ്ങേണ്ട പരീക്ഷകൾ ഒരുപക്ഷെ മാറ്റിവെക്കാനിടയുണ്ട്. ഇതുവരെ പൂർത്തിയായ എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയം നാളെ തുടങ്ങും.