തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചെങ്കിലും സംസ്ഥാനത്ത് ലോട്ടറി വിൽപന നാളെ പുനരാരംഭിക്കില്ല. നേരത്തെ ധനമന്ത്രി തോമസ് ഐസക് 18ന് ലോട്ടറി വിൽപന തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ വിൽപന വീണ്ടും തുടങ്ങാൻ ഒരാഴ്ച കൂടി വൈകിയേക്കും എന്നാണ് റിപ്പോർട്ട്. വിൽക്കാൻ സാധിക്കാത്ത ലോട്ടറി എന്ത് ചെയ്യുമെന്ന കാര്യത്തിലും തീരുമാനം ആയില്ല. നറുക്കെടുപ്പും ഉടൻ ഉണ്ടായേക്കില്ല.
വിറ്റു പോകാതെ ശേഷിക്കുന്നത് എട്ട് ലോട്ടറികളാണ്. അതിൽ സമ്മർ ബമ്പർ അടക്കമുണ്ട്. പഴയത് വിറ്റ് തീരാതെ പുതിയതിന്റെ അച്ചടി പാടില്ല, വിറ്റുപോകാത്ത ടിക്കറ്റിന്റെ പകുതി എങ്കിലും തിരിച്ചെടുക്കാനുള്ള ഭേദഗതി ലോട്ടറി ചട്ടത്തിൽ വരുത്തൽ എന്നിവ ധന വകുപ്പ് ആലോചിക്കുന്നുണ്ട്.
മാസ്‌ക്, കയ്യുറ, സാനിറ്റൈസർ എന്നീ കൊറോണ സുരക്ഷാ സമഗ്രികൾ ലോട്ടറി വ്യാപാരികൾക്ക് സൗജന്യമായി വിതരണം നടത്തുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും അത് നടപ്പിലായിട്ടില്ല. ഇതിന് ഒരാഴ്ചയെങ്കിലും എടുക്കും. ശേഷമേ ടിക്കറ്റ് വിൽപന വീണ്ടും ആരംഭിക്കുകയുള്ളൂ.