തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയെ മുൻനിർത്തി സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകളിലും ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കാൻ ഒരുങ്ങുന്നു. സ്റ്റേഷനുകളില്‍ ഇനി മുതൽ ഒരുസമയം അമ്പത് ശതമാനം ജീവനക്കാര്‍ മാത്രമെ ഉണ്ടാകുവെന്നാണ് പുതിയ തീരുമാനം. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടും നിർദേശവും ഡി.ജി.പി അംഗീകരിച്ചാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.
ഇനിമുതൽ ജീവനക്കാരെ രണ്ടായി തിരിച്ചാണ് ഡ്യൂട്ടി ക്രമീകരികരിക്കുന്നത്. ജീവനക്കാരെല്ലാവരും പോലീസ് സ്റ്റേഷനിലേക്ക് എത്തണമെന്നില്ലെന്നും ഡ്യൂട്ടി സ്ഥലത്തേക്ക് നേരിട്ട് എത്തിയാൽ മതിയെന്നുമാണ് തീരുമാനം. ജാമ്യം കിട്ടാവുന്ന കേസുകളില്‍ അറസ്റ്റ് ഒഴിവാക്കും. കൂടാതെ ഗുരുതര കേസുകളിൽ മാത്രമായിരിക്കും അറസ്റ്റ് പോലെയുള്ള നടപടികൾ ഉണ്ടാകുക. അറസ്റ്റ് ചെയ്യുന്ന പ്രതികളെ കൂടുതൽ സമയം സ്റ്റേഷനിൽ വെച്ച ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് പോകരുതെന്നും എത്രെയും പെട്ടന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്ന നടപടി ക്രമങ്ങൾ കൈകൊള്ളണമെന്നും നിർദേശം ഉണ്ട്.
തിരക്കേറിയ ജംഗ്ഷനുകളില്‍ മാത്രം ട്രാഫിക് പൊലീസിനെ നിയോഗിച്ചാൽ മതിയെന്നാണ് പുതിയ തീരുമാനം. കൂടാതെ പ്രതിദിന വാഹനപരിശോധനയും ഒഴിവാക്കും. ഗർഭിണികളായ പോലീസുകാർക്കും 50 വയസ്സിനു മുകളിൽ പ്രായമുള്ള പോലീസുകാർക്കും സ്റ്റേഷനിൽ തന്നെയുള്ള ഡ്യൂട്ടിക്കുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും നിർദേശം ഉണ്ട്. മുഖ്യമന്ത്രിയുടെ അംഗീകാരം കൂടി ലഭിക്കുകയാണെങ്കിൽ ഏത് ദിവസം മുതൽ ഡ്യൂട്ടി പരിഷ്കരണം നടത്താം എന്നതിൽ അന്തിമ തീരുമാനം ഉണ്ടാകും.