തൃശൂര്‍: മന്ത്രി എ.സി. മൊയ്തീന് ഹോം ക്വാറന്റൈന് വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത, അപകടസാധ്യത കുറഞ്ഞ ദ്വിതീയ സമ്പര്‍ക്ക വിഭാഗത്തിലാണ് മന്ത്രി എ.സി. മൊയ്തീന് ഉൾപ്പെടുന്നുവെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ.
വാളയാര്‍ ചെക്ക്പോസ്റ്റില്‍ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം മൂലം ഹോം ക്വാറൈന്ന് നിര്‍ദേശിക്കപ്പെട്ട ജനപ്രതിനിധി പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രിക്കും യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കും ഹോം ക്വാറന്റൈന് ആവശ്യമില്ലെന്നാണ് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
യോഗത്തില്‍ മന്ത്രി എ.സി. മൊയ്തീനും ജില്ലാ കളക്ടര്‍ എസ്. ഷാനവാസും ഉള്‍പ്പെടെയുള്ളവര്‍ മുഖാവരണം ധരിച്ചിരുന്നതായും ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നതായും സാമൂഹിക അകലം പാലിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രാഥമിക സമ്പർക്കത്തിൽ വന്ന അനില്‍ അക്കര എംഎല്‍എ രോഗലക്ഷണങ്ങൾ പ്രകടമാക്കുകയോ പൊസിറ്റീവ് ആവുകയോ ചെയ്താൽ ദ്വിതീയ സമ്പർക്കത്തിലുള്ളവർ ഹോം ക്വാറന്‍റൈനില്‍ പോകണമെന്നും നിർദേശമുണ്ട്. ഇതിന് പുറമെ ടി എൻ പ്രതാപൻ എം പി പങ്കെടുത്ത പരിപാടിയിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തിൽ പോകുന്നതിനെക്കുറിച്ചും മെഡിക്കൽ ബോർഡ് പരിശോധിച്ചു. ഇതിൽ പങ്കെടുത്തവരെല്ലാം കുറഞ്ഞ അപകട സാധ്യതയുള്ള ദ്വിതീയ സമ്പർക്കപ്പട്ടികയിലാണ് ഉൾപ്പെടുന്നതെന്നും ബോർഡ് വ്യക്തമാക്കി.
വാളയാർ ചെക്ക് പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം പുലര്‍ത്തിയ യുഡിഎഫ് ജനപ്രതിനികളോട് ക്വാറന്‍റൈനില്‍ പോകാൻ കഴിഞ്ഞ ദിവസം മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിരുന്നു. പ്രവാസികളുമായി ഇടപെടുകയും അനില്‍ അക്കര പങ്കെടുത്ത യോഗത്തിലുണ്ടാവുകയും ചെയ്ത മന്ത്രി എ സി മൊയ്തീനെ ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കിയത് രാഷ്രീയ വിവേചനമെന്നായിരുന്നു യുഡിഎഫിന്‍റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്‍ച ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.