തിരുവനന്തപുരം: കേരളത്തിലെ നദികളിൽ ജലനിരപ്പ് ഉയരുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പെരിയാര്‍, ഷിറിയ, ചാലിയാര്‍ എന്നിവടങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. അതേസമയം, എട്ട് നദികളിലെ ജലനിരപ്പ് താഴുകയാണ്. പമ്പ (കല്ലൂപ്പാറ സ്റ്റേഷന്‍), ശംബവി, അഖനാശിനി, നേത്രാവതി, മീനച്ചില്‍, കരമന, പമ്പ (മടമണ്‍ സ്റ്റേഷന്‍), കരുവന്നൂര്‍ നദിയിലുമാണ് ജലനിരപ്പ് താഴുന്നത്.
സംസ്ഥാനത്തെ 24 നദികളില്‍ ഇതിനോടകം പ്രളയ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. 2018ലും 19ലും ഉണ്ടായ പ്രളയത്തിൽ കരകവിഞ്ഞൊഴുകിയ നദികളാണ് ഇവയെല്ലാം. 2018 ല്‍ അതിവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും, അണക്കെട്ടുകള്‍ ക്രമാതീതമായി നിറഞ്ഞതിനെ തുടര്‍ന്ന് തുടറന്നു വിടേണ്ടി വന്നതും കണക്കിലെടുത്താണ് പ്രളയ മുന്നറിയിപ്പ് സംവിധാനം ഈ നദികളില്‍ സ്ഥാപിച്ചത്. എന്നാൽ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കക്ക് വകയില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു.
കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വകുപ്പുകളുടെ അണക്കെട്ടുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
കാലവര്‍ഷം കനക്കുന്ന സാഹചര്യമുണ്ടായാല്‍ അണക്കെട്ടുകളുടെ ഷട്ടര്‍ തുറക്കുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ഒരുക്കിയിട്ടുണ്ട്. കൊറോണ കാലത്ത് വലിയ രീതിയിലുള്ള വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ കുറവാണ് ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കാന്‍ കാരണമായതെന്നും മുന്‍കാലങ്ങളിലും ഈ രീതിയില്‍ ജലനിരപ്പ് ഉണ്ടായിരുന്നിട്ടുണ്ടെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ പറഞ്ഞു.