മുംബൈ : ഇന്ത്യൻ സൈന്യത്തിൽ ടൂർ ഓഫ് ഡ്യൂട്ടി ചെയ്ത സൈനികർക്ക് അവരുടെ സൈനിക സേവനത്തിനു ശേഷം
മഹീന്ദ്രയുടെ സ്ഥാപനങ്ങളിൽ ജോലി നൽകുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.
രാജ്യത്തെ എല്ലാ യുവജനങ്ങളോടും മൂന്ന് വര്‍ഷത്തെ ടൂര്‍ ഓഫ് ഡ്യൂട്ടി(ടി.ഒ.ഡി) സൈനിക സേവനം നടത്തണമെന്നു ഇന്ത്യൻ സൈന്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സൈനികസേവനം സ്ഥിരം ജോലിയാക്കാൻ ആഗ്രഹിക്കാത്ത, എന്നാൽ സൈനിക ജീവിതത്തിന്റെ സാഹസികതയും മറ്റും ആഗ്രഹിക്കുന്ന യുവാക്കളെ ആകർഷിക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി.
സാധാരണ ജനങ്ങളെ താത്കാലികമായി സൈന്യത്തിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച ഇന്ത്യൻ കരസേനയുടെ തീരുമാനം സ്വാഗതാർഹമാണ്. ഇത് ആർമിയിലെ സൈനിക ജോലിയും ഓഫീസ് ജോലിയും സംബന്ധിച്ച് യുവാക്കളിൽ അവബോധം സൃഷ്ടിക്കും. ഇത്തരത്തിൽ മൂന്നു വർഷം സൈനികർക്കൊപ്പം സേവനം അനുഷ്ഠിക്കുന്നവരെ മഹീന്ദ്രയുടെ ഭാഗമാക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര ഉറപ്പുനൽകുന്നത്. കൂടാതെ അവർ തികഞ്ഞ അച്ചടക്കമുള്ളവരായിരിക്കുമെന്നും അതുകൊണ്ട് തന്നെ കരസേന യുവാക്കൾക്ക് ഈ അവസരം ഒരുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇതൊരു നിര്‍ബന്ധിത സൈനിക സേവനമെന്ന നിലയിലല്ലെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. സേനയിലെ ചിലവുകള്‍ കുറച്ച് ആ തുക സേനയുടെ ആധുനികവല്‍ക്കരണത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തിലാണ് സൈന്യം ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.