ഡെൽഹിയിലെ രോഹിണി ജയിലില്‍ 15 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും കൊറോണ

ന്യൂഡെൽഹി: ഡെൽഹിയിലെ രോഹിണി ജയിലില്‍ 15 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും കൊറോണ സ്ഥിരീകരിച്ചു. മുമ്പ് കൊറോണ സ്ഥിരീകരിച്ച ഒരാളിൽ നിന്നാണ് ഇവർക്കും രോ​ഗബാധ ഉണ്ടായിരിക്കുന്നത്.

ഇവരെല്ലാവരും ഒരു ബാരക്കിലാണ് കഴിഞ്ഞിരുന്നത്. പത്തൊൻപത് പേരിലാണ് പരിശോധന നടത്തിയതെന്ന് ദില്ലി ജയിൽ ഡിജിപി സന്ദീപ് ​ഗോയൽ വ്യക്തമാക്കി. ഇവരിൽ പതിനഞ്ച് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ പോസിറ്റീവ് ഫലം ലഭിച്ചവരെ പ്രത്യേക ഐസൊലേഷൻ ബാരക്കിൽ വ്യത്യസ്ത റൂമുകളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും സന്ദീപ് ​ഗോയൽ വ്യക്തമാക്കി.

28കാരനായ തടവുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാള്‍ 6 മാസം മുമ്പാണ് ജയിലിലെത്തിയതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇയാൾ കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നതും ആശങ്കയ്ക്ക് വഴിവെയ്ക്കുന്നു. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇയാളെ ലോക് നായക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട അഞ്ച് ഉദ്യോഗസ്ഥരെ ഹോം ക്വാറന്റൈനില്‍ അയച്ചിരുന്നു.