പ്രചരിക്കുന്ന അശ്ലീല പരാമർശത്തിന്റെ സ്ക്രീൻഷോട്ട് വ്യാജം: വി.ഡി സതീശന്‍ പരാതി നല്‍കി

കൊച്ചി: തന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അശ്ലീല പരാമർശത്തിന്റെ സ്ക്രീൻഷോട്ട് വ്യാജമെന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ എം.എൽ.എ. തന്റെ ജീവിതത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യം എഴുതികൊണ്ടുള്ള സ്ക്രീൻഷോട്ട് തന്നെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. തന്നെ മോശക്കാരനാക്കി കാണിക്കാന്‍ വേണ്ടി ഇത്തരം അശ്ലീല വാക്കുകൾ ഉപയോഗിക്കേണ്ടി വരിക എന്നുള്ളത് അപമാനകരമാണ്. സെെബർ മേഖലയിലെ അക്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെെബർ കുറ്റകൃത്യമായതിനാൽ ഇതിനെതിരെ കേസ് നല്‍കിയതായും എം.എൽ.എ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആലുവ റൂറൽ എസ്.പി. ക്ക് രേഖാമൂലം പരാതി നൽകിയെന്ന് വി ഡി സതീശൻ അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലെ വി.ഡി സതീശന്റെ വീഡിയോക്ക് കീഴില്‍ വന്ന എം.എല്‍.എയുടെ അശ്ലീല കമന്റ് എന്ന പേരിലുള്ള സ്ക്രീന്‍ഷോട്ട് പ്രചരിച്ചത്. സംഭവത്തില്‍ എം.എല്‍.എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡി.വെെ.എഫ്.ഐ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തുള്ളവരെ തെരഞ്ഞുപിടിച്ച് അപമാനിക്കുന്ന സി.പി.എമ്മിന്റെ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണിത്. വ്യാജ സ്ക്രീൻഷോട്ടിനെതിരെ ആലുവ റൂറൽ എസ്.പിക്ക് രേഖാമൂലം പരാതി നൽകിയെന്നും എം.എൽ.എ ഫേസ്ബുക്കിലൂടെ അറിയിച്ചു.