ന്യൂഡല്‍ഹി: കൊറോണ ഭീതി രാജ്യത്ത് നിന്ന് ഉടനൊഴിയില്ലെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതോടെ ഇതിനെ അടിസ്ഥാനമാക്കിയാകും നാലാം ഘട്ട മാർഗനിർദേശക്കൾ കേന്ദ്രം പുറത്തിറക്കുക. ലോക്ക് ഡൗണ്‍ മൂലം നിര്‍ജീവമായ രാജ്യത്തെ ഭാഗീകമായെങ്കിലും സാധാരണനിലയിലേക്ക് മടക്കി കൊണ്ടു വരുന്ന തരത്തിലാവും നാലാം ഘട്ട ലോക്ക് ഡൗണ്‍ നടപ്പാക്കുക എന്നാണ് സൂചന. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ദേശീയ ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം ഞായറാഴ്ച അവസാനിക്കുകയാണ്. നാലാംഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നല്‍കേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍.
കൊറോണയുമായി ബന്ധപ്പെട്ട സ്ഥിതിഗതികളും, നാലാംഘട്ടത്തിലെ ഇളവുകളും ചര്‍ച്ച ചെയ്യാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും.
പൊതുഗതാഗതം നാലിലൊന്ന് എങ്കിലും അനുവദിച്ചേക്കും. അതീതീവ്ര മേഖലകള്‍ ഒഴിച്ചുള്ള പ്രദേശങ്ങളിലാകും പൊതുഗതാഗതത്തിന് അനുമതി നല്‍കുക. ഹോട്ട്‌സ്‌പോട്ടുകള്‍ തീരുമാനിക്കാനുള്ള അനുവാദം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും. പുതിയ മാര്‍ഗനിര്‍ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയേക്കുമെന്നാണ് സൂചന.
ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്‌സികളും ഓടിക്കാനും നാലാംഘട്ട ലോക്ക് ഡൗണില്‍ അനുമതിയുണ്ടാവും. മെട്രോ സര്‍വീസുകള്‍ക്കും വിമാന സര്‍വീസുകള്‍ക്കും കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കും. സാമൂഹിക അകലം പാലിച്ച് ബസ് സര്‍വീസ് നടത്താനും അനുമതി നല്‍കിയേക്കും. ഓണ്‍ലൈന്‍ വ്യാപാരത്തിന് ഏര്‍പ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിന്‍വലിക്കും. എല്ലാത്തരം ഓണ്‍ലൈന്‍ വ്യാപാരവും അനുവദിക്കും. മാളുകൾക്കും ബഹുനില കച്ചവട സ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിനും ഇളവ് വരുമെന്നാണ് സൂചന.