ജില്ലകളിൽ ബസ് സര്‍വീസ് തുടങ്ങാൻ ഗതാഗത വകുപ്പ്

തിരുവനന്തപുരം : കേന്ദ്ര സർക്കാർ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചാൽ ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പ്. എന്നാൽ യാത്രക്കാരില്‍ നിന്ന് നിലവിലുള്ള ബസ് ചാർജിന്റെ ഇരട്ടി നിരക്ക് ഈടാക്കി മാത്രമേ സർവിസുകൾ പുനരാരംഭിക്കാനാവൂ എന്നാണ് ഗതാഗത വകുപ്പിൻ്റെ നിലപാട്.

മെയ്‌ 17 നു ശേഷം ലോക്ക്ഡൗണ്‍ നിയന്ത്രങ്ങളിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ ഗതാഗതവകുപ്പ് നടപടികൾ തുടങ്ങിയത്. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ സർവീസ് നടത്തുകയുള്ളു. ശാരീരിക അകലം പാലിക്കേണ്ടതിനാല്‍ പകുതി സീറ്റുകള്‍ മാത്രം ആളുകളെകൊണ്ടേ സര്‍വീസ് നടത്തു. ഇങ്ങനെ സർവീസ് നടത്തുമ്പോഴുള്ള നഷ്ടം ഒഴിവാക്കാന്‍ വേണ്ടിയാണു യാത്രക്കാരിൽ നിന്നും ഇരട്ടി ചാര്‍ജ്ജ് ഈടാക്കുന്നത്. നിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്താന്‍ പറ്റില്ലെന്ന നിലപാടിലാണ് ഗതാഗതവകുപ്പ്.

അതേസമയം പൊതുഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാത്തതിനാല്‍ ജില്ലയ്ക്കുള്ളില്‍ മാത്രം സര്‍വീസ് നടത്താനാണ് തീരുമാനം. പൊതുഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രതീരുമാനത്തിന് അനുസൃതമായിരിക്കും. എന്നാൽ ഇതിനിടയിൽ സ്‌കൂളുകള്‍ തുറക്കേണ്ടിവന്നാല്‍ കുട്ടികള്‍ക്കായി പ്രത്യേക സര്‍വീസ് നടത്തണമെന്നും ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.