ജാഗ്രത പാലിച്ചില്ലെങ്കിൽ തിരിച്ചടി; കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചവരിലേറെയും തിരികെ വന്നവർ

തിരുവനന്തപുരം: കൊറോണ ആശങ്കയിൽ നിന്നും കരകയറി എന്ന ആശ്വസിച്ചിരുന്ന കേരളം വീണ്ടും ഭീതിയിലേക്ക്. വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് വന്നുതുടങ്ങിയതോടെ സംസ്ഥാനത്ത് കൊറോണ രോ​ഗികളുടെ എണ്ണം കുത്തനെ ഉയർന്നു. ​ഗ്രീൻ സോണിലേക്ക് കടന്ന പല ജില്ലകളിലും കൊറോണ റിപ്പോർട്ട് ചെയ്തു. ഇന്ന് കൊറോണ രേഖപ്പെടുത്തിയ 16 രോ​ഗികളിൽ ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ നാല് പേർക്കും മുംബൈയിൽ നിന്നെത്തിയ രണ്ട് പേർക്കും പോസിറ്റീവാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ . അതിനാൽ തന്നെ സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. അതിനാൽ കരുതൽ വർധിപ്പിക്കണം. സുരക്ഷിതമായ ശാരീരിക അകലം പാലിക്കണം. മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണം.

രോഗ പ്രതിരോധ നിർദ്ദേശങ്ങൾ അവ​ഗണിച്ചാൽ നമ്മുക്ക് വലിയ വില കൊടുക്കേണ്ടി വരും. എല്ലാവരും ആവർത്തിച്ച് പറയുന്നതുപോലെ ഒറ്റക്കെട്ടായി നിന്നാൽ‌ മാത്രമേ കൊറോണ മഹാമാരിയെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ കഴിയൂ. പ്രവാസികൾ കേരളത്തിലേക്ക് എത്തുമ്പോൾ കൊറോണ രോ​ഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടയ്ക്കിടെ മുന്നറിയിപ്പ് നൽ കുന്നുണ്ട്. ഇങ്ങനെ രോ​ഗബാധ പകർന്നാൽ ലോക്ക്ഡൗൺ ഇനിയും കർശനമാക്കേണ്ടി വന്നേക്കും. ഇളവുകൾ ജനം ദുരുപയോ​ഗം ചെയ്യുന്നുവെന്നതിനുള്ള തെളിവാണ് സമ്പർക്കം വഴിയുള്ള രോ​ഗബാധ.

അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കുകയും സാനിറ്റൈസർ, മാസ്ക് എന്നിവ ശീലമാക്കാനും മലയാളി മറന്നാൽ തിരിച്ചടി ഉറപ്പ്. കേരളത്തിന് പുറത്ത് നിന്ന് വരുന്നവരെ സ്വീകരിക്കുമ്പോൾ ജാഗ്രത പുലർത്തണം. അല്ലെങ്കിൽ സംവിധാനത്തെയാകെ ബാധിക്കും. സർക്കാരിന്റെ ശ്രദ്ധയിൽപെടാതെ ആരെങ്കിലും വന്നാൽ പ്രദേശത്തെ നാട്ടുകാർ അറിയാതിരിക്കില്ല. അങ്ങിനെ കണ്ടെത്തുന്നവരെ വാർഡ് തല സമിതികൾ ഇടപെട്ട് ക്വാറന്റീൻ ചെയ്യണം. തദ്ദേശ സ്ഥാപനങ്ങൾ ഇത് ശ്രദ്ധിക്കണം.