തിരുവനന്തപുരം : കേരളത്തിൽ 16 പേർക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചു. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസർഗോഡ് ഒന്നുവീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 7 പേർ വിദേശത്തുനിന്നു വന്നവരാണ്. ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം. 80 പേർ നിലവിൽ ചികിത്സയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഗൾഫിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 14 പേരടക്കം ഇന്നലെ 26 പേർക്കു കൂടി സംസ്ഥാനത്തു കൊറോണ സ്ഥിരീകരിച്ചിരുന്നു. 41 ദിവസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
ആരുടേയും പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടില്ല. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 80 പേർ ചികിത്സയിലാണ്. 48825 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതൽ പേരെ രോഗലക്ഷണത്തോടെ ആശുപത്രിയിലാക്കിയത് മലപ്പുറത്ത്, 36. കോഴിക്കോട് 17 ഉം കാസർകോട് 16 പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഏറ്റവുമധികം പേർ വയനാട്ടിലാണ് ആശുപത്രിയിൽ രോഗബാധിതരായി കഴിയുന്നത് 19 പേരാണ്. 42201 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 40631 എണ്ണം നെഗറ്റീവാണ്. മുൻഗണനാ വിഭാഗത്തിൽ പെട്ട 4630 സാമ്പിളുകൾ ശേഖരിച്ചു. 4424 എണ്ണം നെഗറ്റീവാണ്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 16. ഇന്നുവരെയുള്ള 576 കേസുകളിൽ വിദേശത്ത് നിന്ന് വന്ന 311 പേർക്ക് കൊവിഡ്. ഇതിന് പുറമെ 8 പേർ വിദേശികളുമുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 187 പേർ രോഗബാധിതരായി. സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കി. സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. അതിനാൽ കരുതൽ വർധിപ്പിക്കണം. സുരക്ഷിതമായ ശാരീരിക അകലം പാലിക്കണം. മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.