ലണ്ടൻ : ഒളിവിലിരുന്ന് വിജയ് മല്യയുടെ വീര വാദം. ബാങ്കുകളിൽ നിന്നെടുത്ത എല്ലാ ലോണുകളും പൂർണമായി തിരിച്ചടക്കാൻ താൻ തയാറാണെന്നും തനിക്കെതിരായ കേസുകൾ അവസാനിപ്പിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കിംഗ്ഫിഷർ ഗ്രൂപ്പ് മേധാവിയായ വിജയ് മല്ല്യ. ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊറോണ പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ പേരിൽ അഭിനന്ദിച്ചുകൊണ്ടാണ് വിജയ് മല്യ ട്വീറ്റ് ചെയ്തത്. ഇതിനോടപ്പമാണ് തനിക്കെതിരായ സാമ്പത്തിക നടപടികൾ അവസാനിപ്പിക്കണമെന്നും കുടിശ്ശിക മുഴുവൻ അടച്ചു തീർക്കാൻ താൻ തയ്യാറാണെന്നും മല്ല്യ വ്യക്തമാക്കിയത്.
സാമ്പത്തിക പാക്കേജിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കുന്നു. ആവശ്യത്തിന് കറൻസി അച്ചടിക്കാൻ അധികാരമുള്ള സർക്കാർ തന്റെ വാഗ്ദാനം സ്വീകരിക്കണം.
തന്നെപ്പോലെ ഒരു ചെറു സംരംഭകന്റെ ബാങ്ക് വായ്പകൾ സ്വീകരിച്ച് നിയമ നടപടികൾ അവസാനിപ്പിക്കണം. കണ്ടു കെട്ടിയ തൻ്റെ സ്വത്തുകൾ വിട്ടു തരണം എന്നാണ് ഇയാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.
9000 കോടിയുടെ ബാങ്ക് വായ്പാതട്ടിപ്പിൽ നിയമനടപടി ആരംഭിച്ചതിന് പിന്നാലെയാണ് കിംഗ്ഫിഷർ ഗ്രൂപ്പ് മേധാവിയായ വിജയ് മല്ല്യ 2016 യിൽ രാജ്യംവിട്ട് ലണ്ടനിലെത്തിയത്. ഇപ്പോൾ ബ്രിട്ടനിലുള്ള മല്യയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.