തിരുവനന്തപുരം: ഉയർന്ന രോഗനിരക്ക് നാം നേരിടാനിരിക്കുന്ന വിപത്തിന്റെ സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിപത്തിനെ സംസ്ഥാനം മറികടക്കുമെന്നാണ് ആത്മവിശ്വാസം.
ഈ സാഹചര്യത്തിൽ പൊതുസമൂഹം ജീവിതശൈലി മാറ്റേണ്ടിവരും. കൊറോണക്കെതിരേ കരുതലോടെ ജീവിക്കാൻ ശീലിക്കണം. മാസ്ക് ധരിക്കലും അകലം പാലിക്കലും നിർബന്ധമാക്കണമെന്നും യാത്രകളും കൂടിച്ചേരലുകളും അത്യാവശ്യത്തിന് മാത്രമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കൊറോണ എക്കാലവും തുടരും എന്ന മുന്നറിയിപ്പ് മുന്നിൽ കണ്ട് നാം മുൻകരുതൽ സ്വീകരിക്കണം. കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാവില്ലെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്. വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെ പോലെ ലോകത്താകെ നിലനിൽക്കുന്ന വൈറസായി നോവൽ കൊറോണ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കലും കൊറോണ ചികിത്സിച്ച് സുഖപ്പെടുത്തുന്ന സംവിധാനം യാഥാർത്ഥ്യമാക്കലിനുമാണ് പ്രധാനം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനാരോഗ്യ സംവിധാനം അത്തരം ഇടപെടലിൽ കേന്ദ്രീകരിക്കും. പൊതുസമൂഹം ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾക്കൊള്ളണം. മാസ്ക് പൊതുജീവിതത്തിന്റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്ത വിധം കച്ചവട സ്ഥാപനങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ക്രമീകരണം വേണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിക്കുക. ഇതിന് വ്യക്തികളും കുടുംബങ്ങളും സ്വയമേ തയ്യാറാകണം. ഭക്ഷണശാലകളിലും ഷോപ്പിങ് സെന്ററുകളിലും മുൻകൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കൾക്ക് സമയം നൽകണം. ലോക്ക് ഡൗൺ തുടർന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകൾ നാം കൊറോണയെ കരുതിയാവണം ജീവിക്കേണ്ടത് എന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.