തൃശ്ശൂര്‍: കാത്തിരിപ്പിനു വിരാമമായി. ലോക്ഡൗണ്‍ മൂലം തൃശ്ശൂര്‍ ചെറുതുരുത്തിയിലെ നാഷ്ണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ പഞ്ചകര്‍മ (എന്‍.ആര്‍.ഐ.പി)യില്‍ കുടുങ്ങിയ ജമ്മുകാശ്മീര്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച്ച നാട്ടിലേക്കു മടങ്ങും. ഇവര്‍ നാളെ കൊച്ചിയില്‍ നിന്ന് ട്രെയിനില്‍ ഡെല്‍ഹിയിലേക്ക് പോകും.
വിദ്യാര്‍ഥികള്‍ക്ക് കൊച്ചിയില്‍ നിന്നും ഡെല്‍ഹിയിലേക്കും അവിടെ നിന്നും ജമ്മുവിലേക്കമുള്ള ടിക്കറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. ന്യുഡെല്‍ഹിയിലെ ജമ്മു കാമ്പസ്സ് ഓഫ് സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സിലെ (സി.സി.ആര്‍.എ.എസ്.) വിദ്യാര്‍ഥികള്‍ മാര്‍ച്ച് 12 നാണ് കേരളത്തില്‍ എത്തിയത്. എന്‍.ആര്‍.ഐ.പി.യില്‍ മാര്‍ച്ച് 14 മുതലുള്ള 14 ദിവസത്തെ കോഴ്‌സിനായാണ് ഇവര്‍ എത്തിയത്. ലോക്ക്ഡൗണ്‍ മൂലം കേരളത്തില്‍ പെട്ടു പോയവരില്‍ നാലു പെണ്‍കുട്ടികളടക്കം എട്ടു വിദ്യാര്‍ഥികളും കൂടാതെ അധ്യപകനും ഭാര്യയും ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ പോകുന്നിനു മുന്‍പ് ആരോഗ്യപ്രവര്‍ത്തകര്‍ മതിയായ പരിശോധനകള്‍ നടത്തുമെന്ന് എന്‍.ആര്‍.ഐ.പി. ഡയറക്ടര്‍ അറിയിച്ചു.