വിമാനയാത്രക്കൂലി കുറയ്ക്കില്ല; പുതുതായി 36 സർവീസുകൾ: കേന്ദ്രമന്ത്രി മുരളീധരൻ.

ന്യൂഡൽഹി: പ്രവാസികളെ നാട്ടിലെത്തിക്കാൻ കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കേരളത്തിലേക്ക് പുതുതായി 36 സർവീസുകളാണ് രണ്ടാം ഘട്ടത്തിൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നാണ് മുരളീധരൻ പറഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്നും യാത്രാക്കൂലി കുറയ്ക്കാനാകില്ലെന്നും, ചിലര്‍ക്ക് മാത്രമായി ഇളവും സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തിലെ 31 രാജ്യങ്ങളിൽ നിന്നായി 145 ഫ്ളൈറ്റുകളിൽ ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയവും എയർഇന്ത്യയും ചേർന്ന് തയ്യാറാക്കിയിട്ടുള്ളത്. അതേസമയം എയർഇന്ത്യയേക്കാൾ കുറഞ്ഞ തുകയ്ക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ് ആരും സിവിൽ ഏവിയേഷനെ സമീപിച്ചതായി അറിവില്ലെന്നും സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് ഒരു വിമാനകമ്പനിയും അറിയിച്ചിട്ടില്ലെന്നും മുരളീധൻ പറഞ്ഞു.

വിമാനങ്ങളുടെ ലഭ്യതയിൽ കുറവുകൊണ്ടല്ല കുറച്ചു ആളുകളെ മാത്രം യാത്രക്ക് അനുവദിക്കുന്നത്. ആളുകൾ കൂട്ടമായി നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ അവരുടെ ക്വാറന്റീൻ സൗകര്യങ്ങളും ആളുകളെ സ്വീകരിക്കുന്നതിനുളള തയ്യാറെടുപ്പും കണക്കിലെടുത്താണ് സർവീസുകളുടെ എണ്ണം നിശ്ചയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ 45 വിമാനങ്ങൾ വരെ കൊണ്ടുവരാമെന്ന് ധാരണയായിട്ടുള്ളതെന്നും മുരളീധരൻ വെക്തമാക്കി.