ജോസഫ് പിണറായിയെ കണ്ടത് വിവാദത്തിൽ; കോട്ടയത്തെ ചൊല്ലി യുഡിഎഫിൽ അങ്കം മുറുകുന്നു

കോട്ടയം: കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ പുതിയ വിവാദം. ജോസഫ് ഇടതു പക്ഷത്തേക്ക് ചായുന്നതിൻ്റെ സൂചനയായി ജോസ് കെ മാണി വിഭാഗവും കോൺഗ്രസിലെ ഒരു പക്ഷവും ഇതിനെ വിലയിരുത്തുന്നു. എന്നാൽ പിണറായിയെ കണ്ടത് കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാനായിരുന്നുവെന്ന് ജോസഫ് പക്ഷം നേതാക്കൾ വ്യക്തമാക്കുന്നു.

ജോസ് കെ മാണി വിഭാഗമാകട്ടെ ഇത് മുഖവിലയ്ക്കെടുക്കുന്നില്ല. വേണ്ടി വന്നാൽ ഇടതു മുന്നണിയിലേക്ക് ചാടാൻ ഒരുങ്ങി നിൽക്കുന്ന ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി നൽകാനാണ് ജോസഫ് പിണറായിയെ സന്ദർശിച്ചതെന്ന് ഇവരിൽ ഒരു വിഭാഗം വിശ്വസിക്കുന്നു.

കോൺഗ്രസ് നേത്യത്വം തങ്ങളെ തഴയുന്നുവെന്നതാണ് ജോസഫ് പക്ഷത്തിൻ്റെ പരാതി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ യുഡിഎഫ് ധാരണ നടപ്പാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ തവണ സെബാസ്റ്റ്യൻ കുളത്തുങ്കൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായപ്പോൾ ഉണ്ടാക്കിയ ധാരണ നടപ്പിലാക്കാൻ തയ്യാറാകാത്തതാണ് ജോസഫിനെ ചൊടിപ്പിച്ചത്. അവസാന ആറ് മാസം ജോസഫ് വിഭാഗത്തിലെ അജിത് മുതിരമലയെ പ്രസിഡൻ്റാക്കാമെന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതാണ്. എന്നാൽ വഴങ്ങില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്.

ജോസ് കെ മാണിയുടെ വിശ്വസ്തനും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ എൻ ജയരാജിൻ്റെ ബന്ധു കൂടിയായ അജിത് മുതിരമലയെ പ്രസിഡൻറാക്കിയാൽ തങ്ങൾക്ക് ക്ഷീണമുണ്ടാക്കുമെന്ന് ഇവർ കരുതുന്നു. കോൺഗ്രസാകട്ടെ ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്ന ജോസഫ് വിഭാഗത്തിൻ്റെ പ്രതിഷേധത്തിനിടെ പിണറായി കൂടിക്കാഴ്ചയ്ക്ക് പുതിയ മാനങ്ങളുണ്ടെന്ന് ജോസ് പക്ഷം കരുതുന്നു. കോട്ടയത്തെ പ്രശ്നം പരിഹരിക്കണമെന്ന് യുഡിഎഫിന് പരാതി നൽകിയതിന് പിന്നാലെയാണ് പി ജെ ജോസഫ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.

അതേ സമയം ജോസ് കെ മാണിയെ വെട്ടിലാക്കാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് പി ജെ ജോസഫെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി പി ജെ ജോസഫ് നടത്തിയ കൂടിക്കാഴ്ച ഇതിന് മുന്നോടിയാണെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ജോസഫ് പുകഴ്ത്തുകയും ചെയ്തു.

യു ഡി എഫ് ഇടപെട്ടില്ലെങ്കിൽ സി പി എം പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പിടിക്കാനാണ് ജോസഫിന്‍റെ നീക്കമെന്നാണ് സൂചന. ജോസ് കെ മാണിക്ക് ഒപ്പമുള്ള ചിലരെ അടർത്തി മാറ്റാനും ശ്രമം നടക്കുന്നുണ്ട്. 2017ൽ സി പി എം പിന്തുണയോടെ കേരള കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനം പിടിച്ചെങ്കിലും അത് പ്രാദേശിക നീക്കം മാത്രമായി വിലയിരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ജോസഫിന്‍റെ നീക്കം വിജയിച്ചാൽ മുന്നണി രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരും. ജോസ് കെ മാണിക്കും പിണറായിയോട് മൃദുസമീപനമാണ്. അതിനാൽ കരുതലോടെ ആയിരിക്കും സി പി എം നീക്കം.

യു.ഡി.എഫ് നേതൃത്വമാണ് ജോസഫുമായും ജോസുമായി സംസാരിച്ച് അനുരഞ്ജനം നടത്തിയതെന്നും അവർ ഇടപെട്ട് പ്രശ്നപരിഹാരം കാണട്ടെയെന്നും കോട്ടയം ഡി.സി.സി. പ്രസിഡന്റ് ജോഷി പറഞ്ഞു.