തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യത്തിന് വില കുത്തനെ കൂടും. വിദേശ മദ്യത്തിന് 10 % മുതൽ 35 % വരെ കൊറോണ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന. ഇതനുസരിച്ചു
കെയ്‌സിന് 400 രൂപയിൽ കൂടുതൽ വില വരുന്ന മദ്യത്തിന് 35 ശതമാനവും കെയ്‌സിന് 400 രൂപയിൽ താഴെയാണെങ്കിൽ 10ശതമാനവും ആകും നികുതി ഏർപ്പെടുത്തുക.
നിലവിൽ ബിയറിന് 10ശതമാനവും വിദേശമദ്യത്തിന് 20 ശതമാനവുമാണ് നികുതി.
കൊറോണ പ്രതിരോധ പ്രവർത്തിക്കൾക് പണം കണ്ടെത്താനാണ് മദ്യത്തിന് പ്രത്യേക സെസ്സ് ഏർപ്പെടുത്തിയത്. നേരത്തെ പ്രളയ പശ്ചാത്തലത്തിൽ മദ്യത്തിന് പത്ത് ശതമാനം സെസ് ഏർപ്പെടുത്തിയിരുന്നു.
മദ്യ ഉപഭോഗം കുറയ്ക്കാൻ വില വർദ്ധന കാരണമാകുമെന്ന് സിപിഐ എം നേതാവ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. അതേസമയം നികുതി വർദ്ധനവ് അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. വില കൂട്ടിയത് കൊണ്ട് മദ്യ ഉപഭോഗം കുറയില്ലെന്ന് വി.ഡി. സതീശൻ എം എൽ എ പ്രതികരിച്ചു. സംസ്ഥാനത്ത് ഇന്ന് കള്ളുഷാപ്പുകൾ തുറന്നെങ്കിലും പലയിടങ്ങളിലും കള്ളിൻ്റെ ലഭ്യത കുറവ് മൂലം ഷാപ്പുകൾ അടക്കുകയായിരുന്നു.
മദ്യത്തിന് സെസ് ഏർപ്പെടുത്തുമെന്ന് നേരത്തെ ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞിരുന്നു. സംസ്ഥാനത്തിന് അധിക വരുമാനം ലഭിക്കുന്നത് മദ്യ വിൽപ്പനയിലൂടെ മാത്രമാണെന്നും അതുകൊണ്ട് മദ്യത്തിന് സെസ് ഏർപെടുത്തുവാൻ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
മദ്യത്തിന്റെ നിലവിലെ എക്സൈസ് ഡ്യൂട്ടി ഇങ്ങനെ:
∙ കെയ്സിന് 235രൂപയ്ക്ക് മുകളിലും 250രൂപയ്ക്ക് താഴെയുമുള്ള മദ്യത്തിന് വാങ്ങുന്ന വിലയുടെ 21%
∙ 250രൂപയ്ക്കും 300നും ഇടയിൽ വിലയുള്ള മദ്യത്തിന് കെയ്സിന് 22.5%
∙ 300രൂപയ്ക്കും 400രൂപയ്ക്കും ഇടയിൽ വിലയുള്ള മദ്യത്തിന് കെയ്സിന് 22.5%
∙ 400രൂപയ്ക്കും 500രൂപയ്ക്കും ഇടയിൽ വിലയുള്ള മദ്യത്തിന് കെയ്സിന് 23.5%
∙ 500രൂപയ്ക്കും 1000രൂപയ്ക്കും ഇടയിൽ വിലയുള്ള മദ്യത്തിന് കെയ്സിന് 23.5%
∙ 1000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് 23.5%
മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓൺലൈൻ മദ്യവിൽനപനയ്ക്കുള്ള സാധ്യത സർക്കാർ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈൽ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താൻ കേരള സ്റ്റാർട്ടപ്പ് മിഷന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാൻ അനുമതി നൽകാൻ സർക്കാരിൽ ധാരണയായിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവിൽപന തുടങ്ങും. ബെവ്കോ മദ്യം വിൽക്കുന്ന അതേ നിരക്കിൽ വേണം ബാറുകളിലും മദ്യവിൽപന നടത്താൻ. ബാറുകളുടെ കൌണ്ടറുകളിലും ഓൺലൈൻ ടോക്കൺ സംവിധാനം നടപ്പാക്കും. അതേസമയം വെയർഹൌസുകളിൽ മദ്യം വിൽക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും.