സുരക്ഷിതമല്ലാത്ത മാസ്ക്കുകൾ സുലഭം; അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിലവാരവും സുരക്ഷിതവുമല്ലാത്ത മാസ്കുകളുടെ വിൽപന വിപണിയിൽ സജീവം. മാസ്ക് നിർമാണ വിൽപന രംഗത്ത് ഒട്ടേറെ പേർ നിരന്നതോടെയാണ് സുരക്ഷിതമല്ലാത്ത മാസ്ക്കുകൾ വിപണിയിൽ സുലഭമായത്. അതേസമയം സുരക്ഷിതമല്ലാത്ത മാസ്‌ക് വില്‍പ്പന അനുവദിക്കില്ലെന്നും മാസ്‌ക്‌ വിൽപ്പനയ്‌ക്ക്‌ വ്യക്തമായ മാർഗനിർദേശം കൊണ്ടുവരുമെന്നും‌ മുഖ്യമന്ത്രി പിണറായി വിജയൻ. റോഡരികില്‍ മാസ്‌ക് വില്‍ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സുരക്ഷിതമല്ലാത്ത ഇത്തരം വിൽപന അനുവദിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിലർ മാസ്ക് മുഖത്ത് വച്ചുനോക്കി പരിശോധിക്കുന്നുണ്ട്. ചേരില്ലെങ്കിൽ അവ തിരികെ നല്‍കും. ഇത് അപകടമാണ്. അതിനാലാണ്‌ മാർഗനിർദേശം തയ്യാറാക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌കിന്റെ ഉല്‍പാദനം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണം എന്ന നിർദേശം ജനങ്ങൾ നല്ല നിലയിലാണു സ്വീകരിച്ചത്. എന്നാൽ ചിലർ മാസ്കില്ലാതെ പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും, അദ്ദേഹം പറഞ്ഞു.